
ചണ്ഡീഗഡ്: വന്‍ വിവാദം ഉണ്ടാക്കിയ ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശക്തമായി നിലപാട് എടുത്ത ഹരിയാന മുഖ്യമന്ത്രിയ്ക്ക് ഇന്ത്യയില്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഇല്ല. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് വിവാദത്തിലായത്. ക്യാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവര്‍ക്കും പൗരത്വ രേഖകള്‍ ഇല്ലെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് നല്കിയ വിവരാവകാശ രേഖയ്ക്ക് കിട്ടിയ മറുപടിയില്‍ പറയുന്നു. ജനുവരി 20 ന് പാനിപ്പട്ട് അടിസ്ഥാനമാക്കിയുള്ള പിപി കപൂര്‍ എന്ന പ്രവര്ത്തകന് ആയിരുന്നു വിവരാവകാശ രേഖ സമര്‍പ്പിച്ചത്.
മുഖ്യമന്ത്രിയുടേയും ക്യാബിനറ്റ് മന്ത്രിമാരുടേയും ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയുടേയും പൗരത്വ രേഖകളുമായി ബന്ധപ്പെട്ട കാര്യം ചോദിച്ചാണ് വിവരാവകാശ രേഖ സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ഹരിയാന പബ്ളിക് ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയത്. കഴിഞ്ഞ സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്റെ സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പാക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും മനോഹര്‍ ലാല്‍ ഖട്ടാര്‍ വ്യക്തമാക്കിയിരുന്നു.
ആസ്സാമിന് പുറമേ ഹരിയാനയിലും എന്‍ആര്‍സി നടപ്പാക്കുമെന്നും മുന്‍ നാവികസേന തലവന്‍ സുനില്‍ ലാന്ബയും വിരമിച്ച ഹൈക്കോടതി ജസ്റ്റീസ് എച്ച് എസ് ഭല്ലയുമായും ചര്‍ച്ച നടത്തുമെന്നും പറഞ്ഞിരുന്നു. ഒരു മുസ്ളീം കുടുംബം ഉള്‍പ്പെടെ മതപീഡനത്തെ തുടര്‍ന്ന് പാകിസ്താന്, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്, എന്നിവിടങ്ങളില്‍ നിന്നും വിവിധ മതങ്ങളില്‍പെട്ട 1500 പേര് ഹരിയാനയില്‍ എത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് സിഎഎ പ്രകാരം പൗരത്വം നല്‍കുമെന്നും ഖട്ടാര്‍ നേരത്തേ ജനുവരിയില്‍ പറഞ്ഞിരുന്നു.






