
മികച്ച ഓഫ്-റോഡറുകളില്‍ ഒന്നായ റാങ്ലറിന്റെ ടോപ്പ് എന്‍ഡ് വേരിയന്റായ ജീപ്പ് റാങ്ലര്‍ റുബിക്കണ്‍ നടന് കരണ്‍ കുന്ദ്ര അടുത്തിടെയാണ് സ്വന്തമാക്കിയത്. റൂബിക്കണിന് ഏകദേശം 60.30 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. സാര്‍ജ് ഗ്രീന്‍ നിറത്തിലുള്ള എസ്യുവിയാണ് താരം സ്വന്തം ഗാരേജില്‍ എത്തിച്ചിരുന്നത്. ഇപ്പോള്‍ തന്റെ എസ്യുവി മോഡിഫിക്കേഷന് നടത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പരിഷ്കരിച്ച ജീപ്പ് റാങ്ലര്‍ റുബിക്കണ്‍ എസ്യുവിയുടെ ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എസ്യുവിയിലെ സ്റ്റോക്ക് ബമ്പര്‍ നീക്കം ചെയ്ത് പകരം ഒരു ഓഫ് റോഡ് ബമ്പര്‍ നല്കി. ഫ്രണ്ട് ബമ്പറിലും ചങ്ങലകളും കൊളുത്തുകളും സ്ഥാപിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകള്‍ പുതിയ ബമ്പറില്‍ തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒരു മെറ്റല്‍ സ്കിഡ് പ്ലേറ്റും ചിത്രങ്ങളില്‍ കാണാം. ഇത് കൂടാതെ, എസ്യുവിക്ക് ചുരുക്കാവുന്ന ഫൂട്ട് ബോര്‍ഡുകളുമുണ്ട്. എസ്യുവിയിലെ സ്റ്റോക്ക് അലോയ് വീലുകള്‍ക്ക് പകരം പുത്തന്‍ വീല്‍ നല്‍കിയിരിക്കുകയാണ് നടന്. വീലുകളുടെ വലുപ്പം പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നിരുന്നാലും ഇത് സ്റ്റോക്ക് യൂണിറ്റുകളേക്കാള്‍ അല്പം വലുതായി കാണപ്പെടുന്നു.
റാങ്ലര്‍ എസ്യുവിയുടെ ഏറ്റവും ഉയര്‍ന്ന വേരിയന്റാണ് ജീപ്പ് റാങ്ലര്‍ റുബിക്കണ്‍. ഇത് ജീപ്പിന്റെ റോക്ക്-ട്രാക്ക് മുഴുവന്‍ സമയ 4WD ലോക്കിംഗ് ഫ്രണ്ട്, റിയര്‍ ഡിഫറന്‍ഷ്യലുകള്‍ വാഗ്ദാനം ചെയ്യുന്നു. അമേരിക്കന്‍ കമ്പനി ആയ ജീപ്പ് ഇന്ത്യയില്‍ അണ്‍ലിമിറ്റഡ്, റുബിക്കണ്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് റാങ്ലര്‍ പുറത്തിറക്കുന്നത്. ഓഫ്-റോഡ് എസ്യുവികളുടെ തലതൊട്ടപ്പനായി വിശേഷിപ്പിക്കപ്പെടുന്ന ജീപ്പ് റാങ്ലര്‍ 2021 മുതലാണ് കമ്പനി ഇന്ത്യയില്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. റാങ്ലറിന്റെ ഓഫ്-റോഡ്-ഓറിയന്റഡ് പതിപ്പാണ് റൂബിക്കണ്‍. അണ്‍ലിമിറ്റഡ് വേരിയന്റിനേക്കാള്‍ ഏകദേശം അഞ്ച് ലക്ഷം രൂപ അധികം മുടക്കിയാലാണ് റൂബിക്കണ്‍ സ്വന്തമാക്കാനാകുക. ആക്സന്റ് നിറങ്ങളുള്ള ഫ്രണ്ട് ഗ്രില്‍, ബ്ലാക്ക് ഫെന്‍ഡര്‍ ഫ്ലേറുകള്‍, 17 ഇഞ്ച് മഡ്-ടെറൈന്‍ ടയറുകള്‍ എന്നിവയാണ് പ്രധാന ആകര്ഷണങ്ങള്.






