
ഹമാസ് നേതാവ് യഹിയ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ് ഡെപ്യൂട്ടി തലവൻ ഖാലിദ് അൽ ഹയ്യ. ഇതോടെ സിൻവാറിന്റെ മരണം ഹമാസിന് കടുത്ത തിരിച്ചടിയായി. അതേസമയം, ഇസ്രായേൽ ബന്ദികളുടെ കാര്യത്തിലും ഹമാസ് നിലപാട് പ്രഖ്യാപിച്ചു. ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചു.
പലസ്തീൻ മേഖലയിൽ നിന്ന് പൂർണമായി പിൻവാങ്ങുകയും ജയിലിലുള്ള പലസ്തീനികളെ മോചിപ്പിക്കുകയും ചെയ്താലല്ലാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. ഹയ്യ വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിൽ നടന്ന ആക്രമണത്തിൽ കഴിഞ്ഞ ദിവസമാണ് സിൻവാർ കൊല്ലപ്പെട്ടത്.
2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ സിൻവാറെണെന്നാണ് ഇസ്രായേൽ പറയുന്നത്. സിൻവാറിന്റെ മരണം, അവസാനത്തേതിന്റെ തുടക്കമാണെന്നും ഹമാസിനെ പൂർണമായി ഇല്ലായ്മ ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു.






