
കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടം. കമ്പനിയുടെ സംയോജിത വാര്‍ഷിക വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.8% വര്‍ധിച്ച് 1,175,919 കോടി രൂപയിലെത്തി. കമ്പനിയുടെ വാര്‍ഷിക അറ്റാദായം 18.3% വര്‍ധിച്ച് 95,610 കോടി രൂപയായി. അതേസമയം പ്രവര്‍ത്തന ലാഭം 13.4% വളര്‍ച്ചയോടെ 207,911 കോടി രൂപയിലെത്തി. ഓഹരി ഉടമകള്‍ക്ക് പ്രതിഓഹരിക്ക് 6 രൂപ വീതം ഡിവിഡന്റ് നല്കാന് കമ്പനി ശിപാര്‍ശ ചെയ്തു.
ഡിജിറ്റല്‍ സേവന രംഗത്ത് ജിയോ ശക്തമായ കുതിപ്പ് തുടരുകയാണ്. ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 52.4 കോടി പിന്നിട്ടു. ഇതില്‍ 26.8 കോടി പേര് ജിയോ ട്രൂ 5ജി ഉപഭോക്താക്കളാണ്.
റീട്ടെയ്ല്‍ മേഖലയില്‍ 3.70 ലക്ഷം കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. രാജ്യത്തുടനീളമുള്ള റിലയന്‍സ് റീട്ടെയ്ല്‍ സ്റ്റോറുകളുടെ എണ്ണം 20,000 കടന്നു. ഓയില്‍-ടു-കെമിക്കല്‍സ് വിഭാഗം 662,401 കോടി രൂപയുടെ വരുമാനം നേടി റെക്കോര്‍ഡ് ഇട്ടു. പുതിയ സംരംഭമായ ജിയോഹോട്ട്സ്റ്റാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ റെക്കോര്‍ഡ് കായിക പ്രേമികളെ (72.5 മില്യണ്‍) തത്സമയം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ എത്തിക്കാന്‍ ജിയോഹോട്ട്സ്റ്റാറിന് സാധിച്ചു. ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ നടപടികളുമായി കമ്പനി മുന്നോട്ട് പോകുന്നതായി റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി അറിയിച്ചു.






