ടെല്‍ അവിവ്/ബെയ്റൂട്ട്: തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരുക്ക്.
തെക്കന്‍ ലെബനനിലേതുള്പ്പെടെ 12 ഗ്രാമങ്ങളില്‍ നിന്നു ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്ക്കെതിരേ ഇസ്രയേല്‍ സൈന്യം ആക്രമണ പരമ്പര അഴിച്ചുവിടുകയായിരുന്നു. സെല്ലായ ഗ്രാമത്തിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഗ്രാമത്തലവനും അദ്ദേഹത്തിന്റെ മൂന്ന് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി ലെബനന് നാഷണല്‍ ന്യൂ ഏജന്‍സി (എന്‍.എന്‍.എ.)റിപ്പോര്‍ട്ട് ചെയ്തു. മറ്റു മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ലെബനനിലെ നബാത്തിയ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ലെബനന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, നിലവിലെ സംഘര്‍ഷം തുടങ്ങിയതുമുതല്‍ ഇതുവരെ 2,702-ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 8,311-ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


