രവീന്ദ്രനാഥ ടാഗോറിന്റെയും സ്വാമി വിവേകാനന്ദന്റെയും ഉദാത്തമായ ചിന്തകള്‍ ലോകത്തിന് പകര്‍ന്നുനല്‍കിയ പശ്ചിമ ബംഗാള്‍ ഇന്ന് രാഷ്ട്രീയ അസഹിഷ്ണുതയുടെയും കൊലവിളിയുടെയും പര്യായമായി മാറിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തുണ്ടായ അതിക്രമങ്ങള്‍ ജനാധിപത്യ ഇന്ത്യയ്ക്ക് തന്നെ അപമാനമാണ്. ബി.ജെ.പി. നേതാവ് സുവേന്ദു അധികാരിയുടെ പഴ്സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിയേറ്റു മരിച്ചതും, മധു മണ്ഡല്, അബീര്‍ ഷെയ്ഖ് തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളും ബംഗാളിലെ ചോരക്കളികള്‍ അവസാനിക്കുന്നില്ലെന്നതിന്റെ തെളിവാണ്.
ബംഗാളിലെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അതിക്രമങ്ങള്‍ ഒരു പുതിയ പ്രതിഭാസമെല്ലന്ന് കാണാം. അറുപതുകളിലെ കോണ്ഗ്രസ്ഇടതുപക്ഷനക്സലൈറ്റ് പോരാട്ടങ്ങള്‍ മുതല്‍ മൂന്നരപ്പതിറ്റാണ്ട് നീണ്ട ഇടത് ഭരണകാലത്തെ നന്ദിഗ്രാം, സിംഗൂര്‍ സംഭവങ്ങള്‍ വരെ അക്രമരാഷ്ട്രീയത്തിന്റെ കറപുരണ്ടതാണ്. 2011ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലേറിയപ്പോഴും രാഷ്ട്രീയ ശൈലിയില്‍ മാറ്റമൊന്നുമുണ്ടായില്ല. ഇപ്പോള്‍ ബി.ജെ.പി. അധികാരം പിടിച്ചെടുക്കുമ്പോഴും അതേ ഹിംസാത്മകമായ പ്രതികാര ബുദ്ധി തെരുവില്‍ ആവര്‍ത്തിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്.
എന്തുകൊണ്ടാണ് ബംഗാളില്‍ മാത്രം രാഷ്ട്രീയം ഇത്രമേല്‍ കൊലപാതക വാസനയുള്ളതാകുന്നത്? ഇതിന് പ്രധാനമായും അഞ്ച് കാരണങ്ങളാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രാദേശിക തലത്തിലുള്ള പാര്‍ട്ടി കേഡറുകള്‍ക്ക് ലഭിക്കുന്ന അമിത അധികാരം പലപ്പോഴും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുന്നു. ഒപ്പം തന്നെ, പഞ്ചായത്തുകളും നഗരസഭകളും നിയന്ത്രിക്കുന്നവര്‍ക്ക് മാത്രമേ കരാറുകളും തൊഴിലവസരങ്ങളും ലഭിക്കൂ എന്ന സാഹചര്യം അക്രമം അനിവാര്യമാക്കുന്നു. പോലീസിനെയും ഭരണസംവിധാനത്തെയും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതും, വര്‍ഗീയവും ജാതീയവുമായ ചേരിതിരിവുകള്‍ രാഷ്ട്രീയ വൈരത്തെ കൂടുതല്‍ തീക്ഷ്ണമാക്കുന്നതും ബംഗാളിന്റെ ശാപമായി തുടരുന്നു.
ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അക്രമങ്ങളെ നേരിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, മധ്യഗ്രാമിലും ഹൗറയിലും ബീര്ഭൂമിലുമൊക്കെ ഉയരുന്ന നിലവിളികള്‍ ആ ഉറപ്പിനെ പരിഹസിക്കുന്നു. 500 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടും 433 പേരെ അറസ്റ്റ് ചെയ്തിട്ടും അക്രമത്തിന് അറുതിയാകുന്നില്ല എന്നത് ഗൗരവതരമാണ്. കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റില്‍ തൃണമൂല്‍ യൂണിയന് ഓഫീസുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ത്ത നടപടി രാഷ്ട്രീയ പ്രതികാരത്തിന്റെ മറ്റൊരു മുഖമാണ് തുറന്നുകാട്ടുന്നത്. ഇത് ജനാധിപത്യ വിരുദ്ധമായ ഒരു പ്രവണതയുടെ തുടക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജനാധിപത്യം എന്നത് വോട്ടെണ്ണലില്‍ അവസാനിക്കുന്ന ഒന്നല്ല. അത് തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതുകൂടിയാണ്. അധികാരം മാറുമ്പോള്‍ ചോരപ്പുഴ ഒഴുക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും തങ്ങളുടെ അണികളെ അക്രമത്തിന്റെ പാതയില്‍നിന്ന് പിന്തിരിപ്പിക്കാന് തയാറാകണം. പോലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുകയും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും ചെേയ്യണ്ടത് അനിവാര്യമാണ്. ടാഗോര്‍ സ്വപ്നം കണ്ട 'ഭയമില്ലാത്ത മനസുള്ള' ആ ബംഗാളിനെ വീണ്ടെടുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.






