
ന്യൂഡൽഹി: രാജ്യതലസ്ഥാനം സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ വീണ്ടും ഒന്നാമത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട 'ക്രൈം ഇൻ ഇന്ത്യ 2024' റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. രാജ്യത്തെ 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീധന പീഡന മരണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഡൽഹി തന്നെയാണ് മുന്നിൽ.
2024-ൽ മാത്രം ഡൽഹിയിൽ സ്ത്രീകൾക്കെതിരായ 13,396 കേസുകൾ രജിസ്റ്റർ ചെയ്തു. 19 പ്രമുഖ നഗരങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം 1,058 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 'ബലാത്സംഗത്തോടൊപ്പമുള്ള കൊലപാതകം/കൂട്ടബലാത്സംഗം' വിഭാഗത്തിൽ ആറ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ലൈംഗിക പീഡന കേസുകളിലും ഡൽഹി (316) തന്നെയാണ് മുന്നിൽ. മുംബൈ (286), ബെംഗളൂരു (180) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള നഗരങ്ങൾ.
2024-ൽ ഡൽഹിയിൽ 109 സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഭർത്താവോ ബന്ധുക്കളോ നടത്തുന്ന ക്രൂരതകളുമായി ബന്ധപ്പെട്ട് 4,647 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. രണ്ടാമതുള്ള ലഖ്നൗവിൽ (1,446) റിപ്പോർട്ട് ചെയ്തതിനേക്കാൾ മൂന്നിരട്ടിയോളം വരുമിത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട 3,974 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഐ.പി.സി (IPC), ഭാരതീയ ന്യായ സംഹിത (BNS) എന്നിവ പ്രകാരം ഡൽഹിയിൽ ആകെ 11,795 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മുംബൈയിൽ ഇതിന്റെ പകുതിയിൽ താഴെ (4,972) കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്. വിവസ്ത്രയാക്കാൻ ശ്രമിക്കുക അല്ലെങ്കിൽ ബലം പ്രയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിലും (279 കേസുകൾ) ഡൽഹി തന്നെയാണ് ഒന്നാമത്.
ഡൽഹിയിലെ കൈലാഷ് ഹിൽസിൽ 22 വയസ്സുള്ള ഐ.ഐ.ടി ബിരുദധാരിയെ മുൻ വീട്ടുജോലിക്കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഈ വർഷം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.






