
മാധവ് സുരേഷ് നായകനായി തിയേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ' അങ്കം അട്ടഹാസം' . അത്ര നല്ല അഭിപ്രായങ്ങളല്ല ചിത്രത്തിന് റിലീസിനപ്പുറം ലഭിക്കുന്നത്. മാധവ് സുരേഷിന്റെ അഭിനയത്തെയും സിനിമയെയും ട്രോളി സിനിമ റിവ്യൂ നല്കുന്ന യൂട്യൂബ് ചാനലുകള്‍ വീഡിയോകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഇതില്‍ പ്രതികരണം അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന് സാജിദ് യഹിയ.
അങ്കം അട്ടഹാസം എന്ന സിനിമയുടെ ഗുണനിലവാരത്തെക്കുറിച്ച് താന്‍ സംസാരിക്കുന്നില്ലെന്നും എന്നാല്‍ 23 വയസ്സുകാരനായ ഒരു യുവാവിനെ നിര്‍ത്താതെ ലക്ഷ്യം വയ്ക്കുന്നത് ശരിയല്ലെന്നും സാജിദ് തന്റെ കുറിപ്പില്‍ പറയുന്നു. ആരും ഒറ്റരാത്രികൊണ്ട് ഇതിഹാസങ്ങളാകുന്നില്ലെന്ന് ഓര്‍മ്മിപ്പിച്ച സംവിധായകന്, പരാജയങ്ങളില്‍ നിന്ന് പഠിച്ച് കരുത്തോടെ തിരിച്ചു വരാന്‍ മാധവിനെ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മാധവിനോടായി, ഉളളിലെ ആ തീയും സത്യസന്ധതയും കൈവിടാതെ മുേന്നാട്ട് പോകാനും അദ്ദേഹം ആഹ്വാനം ചെയ്തു.
'' മാധവ് ബ്രോ, നിന്റെ പുതിയ ചിത്രമായ 'അങ്കം അട്ടഹാസം' റിലീസിന് ശേഷം ഓണ്‍ലൈനില്‍ ഒരുപാട് നെഗറ്റീവ് വീഡിയോകളും വിമര്‍ശനങ്ങളും കാണുന്നുണ്ട്. ചില യൂട്യൂബ് സിനിമാ റിവ്യൂവര്‍മാര്‍ നിന്നെ നിരന്തരം ലക്ഷ്യം വെക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു.
സിനിമ നല്ലതാണോ മോശമാണോ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സിനിമ എന്നത് എപ്പോഴും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ്. പക്ഷേ ഒരു കാര്യം എനിക്ക് പറയാനുണ്ട് . മാധവിന് തന്റെ കഴിവ് തെളിയിക്കാന്‍ കുറച്ചു സമയം കൂടി നല്‍കൂ.
23 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവനടനെ എല്ലാ രീതിയിലും ഇത്രയധികം തരംതാഴ്ത്തുന്നത് ശരിയാണോ സുഹൃത്തുക്കളെ? സിനിമയോടും തന്റെ കരിയറിനോടും അത്രമേല്‍ അഭിനിവേശമുള്ള ഒരാളാണ് അവന്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം, അവന് വളരെ യഥാര്‍ത്ഥമായി പെരുമാറുന്നു എന്നതാണ്. ഈ ഇന്ഡസ്ട്രിയിലെ മറ്റുള്ളവരെപ്പോലെ അഭിമുഖങ്ങളില്‍ അവന് അഭിനയിക്കാറില്ല. വളരെ നിഷ്കളങ്കനും സ്വാഭാവികവുമായി പെരുമാറുന്ന ഒരു മനുഷ്യനായിട്ടാണ് എനിക്ക് അവന് തോന്നാറുള്ളത്.
അവന് അല്പം ഇടം നല്‍കൂ, പിന്തുണ നല്‍കൂ. അവന് വളരട്ടെ. പരാജയപ്പെടട്ടെ, അതില്‍ നിന്ന് പഠിക്കട്ടെ, കൂടുതല്‍ കരുത്തോടെ തിരിച്ചുവരട്ടെ. അങ്ങനെയാണ് ഓരോ മികച്ച നടനും ഉണ്ടാകുന്നത്. ആരും ഒരു രാത്രി കൊണ്ട് ഇതിഹാസമാകുന്നില്ല.
മാധവ് - നിന്റെ ആ ഊര്‍ജ്ജവും സത്യസന്ധതയും ഉള്ളിലെ ആവേശവും എന്നും കാത്തുസൂക്ഷിക്കുക. സിനിമ എപ്പോഴും അതിന് അര്‍ഹരായവരെ കണ്ടെത്തും, ആത്മാര്‍ത്ഥതയുള്ളവര്‍ എപ്പോഴും പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടം നേടും'', എന്നാണ് സാജിദ് യാഹിയ കുറിച്ചത്.






