കേരളം ഒരിക്കല്‍ ഇന്ത്യയുടെ അരിപ്പുര എന്നറിയപ്പെട്ടിരുന്ന സംസ്ഥാനമാണ്. എന്നാല്‍, ഇന്ന് നെല്‍കൃഷി മേഖല ഗുരുതര പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. കൃഷിയിടങ്ങളുടെ കുറവ്, ഉത്പാദന ചെലവിലെ വര്‍ധന, കാലാവസ്ഥാ വ്യതിയാനം, സര്‍ക്കാര്‍ സഹായങ്ങള്‍ വൈകുന്നത്, സംഭരണ സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ നെല്‍ കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു. ഭക്ഷ്യസുരക്ഷയുടെ അടിത്തറയായ നെല്‍കൃഷി സംരക്ഷിക്കപ്പെടാതെ പോയാല്‍ ഭാവിയില്‍ കേരളം കൂടുതല്‍ ഭക്ഷ്യ ആശ്രിത സംസ്ഥാനമായി മാറും.
കേരളത്തിന്റെ മുഖ്യ ഭക്ഷ്യവിളയാണ് അരി. സംസ്ഥാനത്തെ കൃഷി വിസ്തൃതിയുടെ 7.46 ശതമാനവും നെല്‍കൃഷിയാണ്. നിര്‍ഭാഗ്യവശാല്‍, 1980കള്‍ തൊട്ട് നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി സ്ഥിരമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1974-75 ല്‍ 8.82 ലക്ഷം ഹെക്ടറായിരുന്ന നെല്‍ വയലുകളുടെ വിസ്തീര്‍ണം 2015-16 ആയപ്പോള്‍ 1.96 ലക്ഷം ഹെക്ടറായി ചുരുങ്ങി. 1972-73 ല്‍ 13.76 ലക്ഷം മെട്രിക് ടണ്ണായിരുന്ന നെല്‍ ഉത്പാദനം(ഏറ്റവും കൂടിയ ഉത്പാദനം) 2015-16 ആയപ്പോള്‍ 5.49 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു.
സംസ്ഥാനത്തെ നെല്ലിന്റെ ഉത്പാദനക്ഷമതയും വളരെ കുറവാണ്. (ഹെക്ടറിന് 2790 കിലോഗ്രാം). എന്നാലിത് ദേശീയ ശരാശരിയായ ഹെക്ടറിന് 2424 കിലോഗ്രാം എന്നതിനേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ നെല്ലിന്റെ ഉത്പാദനക്ഷമതയില്‍ നേരിയ വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളു. ലോകത്തില്‍ അരി ഉത്പാദനത്തില്‍ മുന്പില് നില്ക്കുന്ന ചൈനയുടെ ഉത്പാദനക്ഷമത ഹെക്ടറിന് 6744 കിലോഗ്രാമാണ്. കേരളത്തിന്റെ ഉത്പാദനത്തേക്കാള്‍ മൂന്നിരട്ടി കൂടുതല്‍. ഉത്പാദനക്ഷമതയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഈജിപ്തിന്റെ ഉത്പാദനം ഹെക്ടറിന് 9088 കിലോഗ്രാമാണ്. കേരളത്തിന്റെ ഉല്പാദനേക്കാള് നാലു മടങ്ങ് കൂടുതല്‍. രാജ്യത്ത് നെല്ല് ഉത്പാദനക്ഷമതയില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്, ഹെക്ടറിന് 3952 കിലോഗ്രാം. കഴിഞ്ഞ മാസങ്ങളില്‍ നെല്ല് ഉത്പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തുടങ്ങി വച്ചിട്ടുണ്ട്.
സംസ്ഥാനത്തെ നെല്ല് ഉത്പാദനത്തില്‍ 81.2 ശതമാനവും പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കോട്ടയം ജില്ലകളില്‍നിന്നുമാണ്. അവയുടെ വിഹിതം യഥാക്രമം 41 ശതമാനം, 16 ശതമാനം, 14 ശതമാനം, 9 ശതമാനം എന്നിങ്ങനെയാണ്. 2015-16 ല്‍ ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഉത്പാദനം കുറഞ്ഞു. തൃശൂര്‍, കോട്ടയം ജില്ലകളില്‍ ഉത്പാദനം നേരിയ തോതില്‍ വര്ധിച്ചിട്ടുണ്ടു്. 1996-97 മുതല്‍ 2012-13 വരെ ഉള്ള കണക്കനുസരിച്ച് ജില്ലാടിസ്ഥാനത്തില്‍ നെല്‍കൃഷി വിസ്തൃതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കുറയുന്നതായാണ് കാണുന്നത്. എന്നാല്‍, ഈ കുറവ് ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ് (93 ശതമാനം). കൊല്ലം ജില്ലയില്‍ 92 ശതമാനം, തിരുവനന്തപുരം (86 ശതമാനം), മലപ്പുറം (78 ശതമാനം). പ്രധാന നെല്ല് ഉത്പാദന ജില്ലകളായ കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ കുറവ് ഗണ്യമായിരുന്നില്ല (യഥാക്രമം 13 ശതമാനവും 12 ശതമാനവും). 2015-16 ല്‍ പാലക്കാട്, ആലപ്പുഴ, വയനാട് ജില്ലകളില്‍ നെല്ലിന്റെ കൃഷി വിസ്തൃതിയും ഉല്പാദനവും കുറഞ്ഞിട്ടുണ്ട.്
നെല്‍ക്കര്‍ഷകര്‍ നേരിടുന്ന
പ്രധാന പ്രശ്നങ്ങള്‍
ഉയരുന്ന കൃഷിചെലവ്: വിത്ത്, വളം, കീടനാശിനി, ഡീസല്‍, യന്ത്രവാടക, തൊഴിലാളി വേതനം എന്നിവയുടെ ചെലവ് വര്‍ഷംതോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നെല്ലിന് ലഭിക്കുന്ന വില അതനുസരിച്ച് ഉയരുന്നില്ല.
തൊഴിലാളി ക്ഷാമം: കൃഷിത്തൊഴിലാളികളുടെ എണ്ണം കുറയുകയും വേതനം ഉയരുകയും ചെയ്തതോടെ നെല്‍കൃഷി ലാഭകരമല്ലാത്ത അവസ്ഥയിലായി. യുവതലമുറ കാര്‍ഷിക മേഖലയിലേക്ക് എത്താത്തതും വലിയ വെല്ലുവിളിയാണ്.
കാലാവസ്ഥാ വ്യതിയാനം: അപ്രതീക്ഷിത മഴ, വെള്ളപ്പൊക്കം, വരള്‍ച്ച, കീടാക്രമണം എന്നിവ വിളനാശം വര്‍ധിപ്പിക്കുന്നു. കുട്ടനാട്, പാലക്കാട്, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളില്‍ ഇത് കൂടുതല്‍ ഗുരുതരമാണ്.
കൃഷിയിടങ്ങളുടെ കുറവ്: നെല്പാടങ്ങള് വ്യാപകമായി നികത്തി റിസോര്‍ട്ടുകള്‍ക്കും കെട്ടിട നിര്‍മാണത്തിനും ഉപയോഗിക്കുന്ന പ്രവണത തുടരുന്നു. ഇതോടെ നെല്‍കൃഷിയുടെ വിസ്തൃതി കുറഞ്ഞുകൊണ്ടിരിക്കുന്നു.
ബാങ്ക് വായ്പയും കടബാധ്യതയും: വിളനാശവും വിലക്കുറവും കാരണം പല കര്‍ഷകരും സ്വകാര്യ വായ്പകളില്‍ കുടുങ്ങുന്നു. കൃഷി നഷ്ടത്തിലാകുമ്പോള്‍ തിരിച്ചടവ് വലിയ ഭാരം ആകുന്നു.
സര്‍ക്കാര്‍ പണം വൈകുന്നു: സംസ്ഥാന ഏജന്‍സികള്‍ സംഭരിച്ച നെല്ലിന്റെ തുക പലപ്പോഴും മാസങ്ങളോളം വൈകിയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതോടെ അടുത്ത കൃഷിക്കുള്ള തയാറെടുപ്പുകള്‍ പോലും തടസപ്പെടുന്നു.
നെല്ല് സംഭരണത്തിലെ പ്രധാന പോരായ്മകള്‍
മതിയായ ഗോഡൗണുകളുടെ അഭാവം: കേരളത്തില്‍ ശാസ്ത്രീയ സംഭരണ കേന്ദ്രങ്ങള്‍ ആവശ്യത്തിന് ഇല്ല. പലപ്പോഴും നെല്ല് തുറസ്സായ സ്ഥലങ്ങളില്‍ സൂക്ഷിക്കേണ്ട അവസ്ഥയാണ്.
മഴയും ഈര്‍പ്പവും മൂലമുള്ള നാശം: മഴക്കാലത്ത് ഈര്പം മൂലം നെല്ലിന്റെ ഗുണനിലവാരം കുറയുകയും വലിയ നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.
സംഭരണ ശേഷിയുടെ കുറവ്: കര്‍ഷകരില്‍നിന്ന് വാങ്ങുന്ന നെല്ല് സമയബന്ധിതമായി മില്ലുകളിലേക്ക് മാറ്റാനോ സംസ്കരിക്കാനോ കഴിയാത്തതിനാല്‍ സംഭരണ കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്നു.
ഗതാഗത പ്രശ്നങ്ങള്‍: ഗ്രാമങ്ങളില്‍നിന്ന് സംഭരണ കേന്ദ്രങ്ങളിലേക്ക് നെല്ല് എത്തിക്കാന്‍ ആവശ്യമായ ഗതാഗത സൗകര്യങ്ങളും സഹായങ്ങളും അപര്യാപ്തമാണ്.
ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ കുറവ് ഈര്‍പ നിയന്ത്രണ സംവിധാനങ്ങള്‍, ഡിജിറ്റല്‍ സ്റ്റോക്ക് നിരീക്ഷണം, ആധുനിക സിലോ സംവിധാനം തുടങ്ങിയവ കേരളത്തില്‍ വ്യാപകമല്ല.
ഇടനിലക്കാരുടെ സ്വാധീനം: ചില സ്ഥലങ്ങളില്‍ ഇടനിലക്കാരുടെ ഇടപെടല്‍ മൂലം കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില പോലും ലഭിക്കാത്ത സാഹചര്യമുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഓരോ വര്‍ഷവും നെല്ലിന് കുറഞ്ഞതോതിലുള്ള താങ്ങുവില (എം.എസ്.പി.)പ്രഖ്യാപിക്കാറുണ്ട്. 2025-26 കാലയളവിലെ ഏകദേശ എം.എസ്.പി. നിരക്കുകള്‍:
സാധാരണ നെല്ല് : ക്വിന്റലിന് ഏകദേശം 2,300 രൂപ മുതല്‍ 2,350 വരെ. ഗ്രേഡ്-എ നെല്ല് : ക്വിന്റലിന് ഏകദേശം 2,320 രൂപ മുതല്‍ 2,380 രൂപ വരെ.
കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചില വര്‍ഷങ്ങളില്‍ എം.എസ്.പിക്ക് മുകളില്‍ അധിക ബോണസ് പ്രഖ്യാപിക്കാറുണ്ട്. ഇതോടെ കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സംഭരണ വില കേന്ദ്ര എം.എസ്.പിയെക്കാള്‍ കൂടുതലാകാം. ചില സീസണുകളില്‍ സംസ്ഥാന വിഹിതം ഉള്‍പ്പെടെ ക്വിന്റലിന് 2,800 മുതല്‍ 3,000 രൂപ വരെ ലഭിച്ച സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.
എന്നാല്‍ പ്രധാന പ്രശ്നം വിലയല്ല, ആ തുക കര്‍ഷകന്റെ കൈയിലെത്തുന്ന സമയമാണ്. പലപ്പോഴും മാസങ്ങളോളം പണം വൈകുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
പരിഹാര നിര്‍ദേശങ്ങള്‍
ആധുനിക സിലോകളും ശാസ്ത്രീയ ഗോഡൗണുകളും സ്ഥാപിക്കുക.
കര്‍ഷകര്‍ക്ക് ഏഴു മുതല്‍ 14 ദിവസത്തിനുള്ളില്‍ പണം നല്കുന്ന നിയമപരമായ സംവിധാനം കൊണ്ടുവരുക. നെല്‍കൃഷിക്ക് പ്രത്യേക സബ്സിഡി വര്‍ധിപ്പിക്കുക.
യന്ത്രവല്‍ക്കരണം വ്യാപിപ്പിച്ച് തൊഴിലാളി ക്ഷാമം കുറയ്ക്കുക. നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക. യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതികള്‍ ആരംഭിക്കുക. സഹകരണ മേഖലയില്‍ പ്രാദേശിക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുക.
കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും നെല്‍കൃഷിയുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. നെല്കര്ഷകന് സംരക്ഷിക്കപ്പെടാതെ പോയാല്‍ സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖല തകര്‍ച്ചയിലേക്ക് നീങ്ങും. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രം പോര;സമയബന്ധിതമായ പണമടവും ശാസ്ത്രീയ സംഭരണ സംവിധാനങ്ങളും ഉറപ്പാക്കണം.





