ടോക്കിയോ: ഇറാന് യുദ്ധം മഷി വിതരണത്തെ ബാധിച്ചതിനെത്തുടര്‍ന്ന് ജാപ്പനീസ് സ്നാക്സ് ഭീമന്മാരായ കാല്‍ബീ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പാക്കേജിങ് താല്‍ക്കാലികമായി കറുപ്പും വെളുപ്പും നിറങ്ങളിലേക്ക് മാറ്റി.
യുദ്ധത്തെത്തുടര്‍ന്ന് മഷി നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിതരണം തടസപ്പെട്ടതാണ് അവര്‍ക്കു തിരിച്ചടിയായത്.
ഉരുളക്കിഴങ്ങ് ചിപ്സ്, പ്രോണ്‍ ക്രാക്കേഴ്സ് ഉള്‍പ്പെടെയുള്ള 14 ഉല്‍പ്പന്നങ്ങള്‍ ഈ മാസം 25 മുതല്‍ പുതിയ പാക്കേജിങ്ങില്‍ ജപ്പാനിലെ കടകളില്‍ എത്തും.യു.എസ് - ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള വിതരണ ശൃംഖല തടസ്സപ്പെട്ടു.
അതോടെ മഷിയും പ്ലാസ്റ്റിക്കും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പെട്രോളിയം ഉപോല്‍പ്പന്നമായ നാഫ്തയുടെ വില ഏഷ്യയില്‍ ഇരട്ടിയായി വര്‍ധിച്ചു. ജപ്പാന് തങ്ങളുടെ നാഫ്തയുടെ 40 ശതമാനവും ഗള്‍ഫില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. യുദ്ധം മൂലം എണ്ണ, വാതക വിലകള്‍ കുതിച്ചുയര്‍ന്നത് ഭക്ഷ്യ വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പാക്കേജിങ് വസ്തുക്കളുടെ ക്ഷാമം കാരണം ജാപ്പനീസ് കമ്പനിയായ മിസ്കാന്‍ ചില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിവയ്ക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്തു. യുദ്ധം മറ്റു മേഖലകള്‍ക്കും തിരിച്ചടിയായിട്ടുണ്ട്.
അസംസ്കൃത വസ്തുക്കളുടെ വില വര്‍ധന തങ്ങളുടെ ലാഭത്തെ ബാധിച്ചതായി ടൊയോട്ട , ഹ്യുണ്ടായ് തുടങ്ങിയ കമ്പനികള്‍ അറിയിച്ചു.
ഇന്ധനവില വര്‍ധിച്ചതോടെ ലോകമെമ്പാടുമുള്ള പല എയര്‍ലൈനുകളും സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ബ്രിട്ടീഷ് ഫാഷന്‍ ശൃംഖലയായ നെക്സ്റ്റ് ഗതാഗത തടസ്സവും ഇന്ധനവിലയും ചൂണ്ടിക്കാട്ടി ചില രാജ്യങ്ങളില്‍ വസ്ത്രങ്ങളുടെ വില 8% വരെ വര്‍ധിപ്പിച്ചു.


