
മകന് ജാക്ക് ബ്ലൂസിനൊപ്പമുളള ഹൃദ്യമായ വീഡിയോ പങ്കുവെച്ച് ഗായകന് ജസ്റ്റിന് ബീബറിന്റെ ഭാര്യയും മോഡലുമായ ഹെയ്ലി ബീബര്‍. തന്റെ കുഞ്ഞു കൈകള്‍ കൊണ്ട് അമ്മയ്ക്ക് ലഘുഭക്ഷണം വാരികൊടുക്കുന്ന ജാക്കിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകരുടെ മനം കവര്‍ന്നത്.
തന്റെ മടിയിലിരിക്കുന്ന മകന് പിന്നിലേക്ക് തിരിഞ്ഞ് ലഘുഭക്ഷണം നല്കുന്ന ദൃശ്യങ്ങളാണ് ഹെയ്ലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ മുഖം വ്യക്തമാകാത്ത രീതിയിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ‘പേഴ്സണല്‍ സ്നാക്ക് മെഷീന്’ എന്ന രസകരമായ അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്ക് സ്റ്റീവി വണ്ടറുടെ പ്രശസ്തമായ ''ഇസ്ന്റ് ഷീ ലൗലി' എന്ന ഗാനമാണ് പശ്ചാത്തല സംഗീതമായി നല്‍കിയിരിക്കുന്നത്.
2018 ല്‍ സൗത്ത് കരോലിനയില്‍ വെച്ച് നടന്ന ചടങ്ങിലാണ് ജസ്റ്റിന് ബീബറും ഹെയ്ലിയും വിവാഹിതരായത്. 2024 ഓഗസ്റ്റ് 22 നാണ് ഇരുവര്‍ക്കും മകന് ജാക്ക് ബ്ലൂസ് ബീബര്‍ ജനിച്ചത്. കുഞ്ഞിന്റെ കുഞ്ഞുപാദം ഹെയ്ലി കൈപ്പിടിയില്‍ ഒതുക്കിപ്പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ജസ്റ്റിന് ബീബര്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്.






