
ഇന്തൊനീഷ്യയിലെ മൗണ്ട് ഡുകോണോ അഗ്നിപര്‍വതത്തിലുണ്ടായ ശക്തമായ സ്ഫോടനവും ലാവ പ്രവാഹവും ലോകത്തെയാകെ നടുക്കിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പര്‍വതത്തില്‍ നിന്ന് ചാരവും ലാവയും വമിച്ചു തുടങ്ങിയപ്പോള്‍, തങ്ങള്‍ നില്‍ക്കുന്നത് സജീവമായ ഒരു അഗ്നിപര്‍വതത്തിന്റെ വക്കിലാണെന്ന ബോധ്യം പോലുമില്ലാതെ അവിടുത്തെ മനോഹാരിത ആസ്വദിക്കുകയായിരുന്നു ഒരു കൂട്ടം വിനോദസഞ്ചാരികള്‍. ആ നടുക്കുന്ന നിമിഷങ്ങള്‍ വിനോദസഞ്ചാര മേഖലയ്ക്ക് വലിയൊരു വിങ്ങുന്ന ഓര്‍മയായി മാറിയിരിക്കുകയാണ്.
വടക്കന്‍ മാലുക്കു പ്രവിശ്യയിലെ ഹല്‍മഹേര ദ്വീപിന്റെ ആകാശത്ത് പെട്ടെന്നാണ് ചാരനിറം പടര്‍ന്നത്. ഇന്തൊനീഷ്യയിലെ അപകടകാരിയായ അഗ്നിപര്‍വതങ്ങളിലൊന്നായ ഡുകോണോ പൊട്ടിത്തെറിക്കുമ്പോള്‍ 9 വിദേശികളും 11 പ്രാദേശിക പര്‍വതാരോഹകരും ഉള്‍പ്പെടെ 20 പേരാണ് പര്വതത്തിലുണ്ടായിരുന്നത്. അഗ്നിപര്‍വത സ്ഫോടനത്തില്‍ സിംഗപ്പൂര്‍ പൗരന്മാരും ഒരു ഇന്തൊനീഷ്യന്‍ പൗരനും കൊല്ലപ്പെട്ടതായാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ ഗര്‍ത്തത്തിന്റെ അരികില്‍ നിന്ന് രണ്ട് സിംഗപ്പൂര്‍ പൗരന്മാരെ കണ്ടെത്തിയെങ്കിലും, അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ അധികൃതര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. 100 ഓളം രക്ഷാപ്രവര്‍ത്തകരും തെര്‍മല്‍ ഡ്രോണുകളും സൈന്യവും സംയുക്തമായാണ് ഇപ്പോള്‍ ദുരന്തമേഖലയില്‍ തിരച്ചില്‍ നടത്തുന്നത്. സ്ഫോടനത്തിന് തൊട്ടുമുന്‍പ് ഭയാനകമായ ഭൂചലനം അനുഭവപ്പെട്ടതായും വലിയ സ്ഫോടന ശബ്ദത്തോടെ മുകളില്‍ നിന്ന് പാറക്കഷ്ണങ്ങളും ചരലും താഴേക്ക് പതിക്കാന്‍ തുടങ്ങിയതോടെ തങ്ങള്‍ ജീവനുംകൊണ്ട് താഴേക്ക് ഓടുകയായിരുന്നുവെന്നും പര്‍വത ഗൈഡായ അലക്സ് ജാംഗു വ്യക്തമാക്കുന്നു.
മൗണ്ട് ഡുകോണോ കഴിഞ്ഞ കുറച്ചു കാലമായി അസ്വസ്ഥമായിരുന്നുവെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അഗ്നിപര്‍വതത്തിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി നിരീക്ഷിച്ചതിനെ തുടര്‍ന്ന്, കേന്ദ്രത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. എങ്കിലും, പര്‍വതത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ മതിയായ സുരക്ഷാ പോസ്റ്റുകളോ വനം വകുപ്പിന്റെ നിരീക്ഷണമോ ഉണ്ടായിരുന്നില്ല. ഈ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇപ്പോള്‍ വലിയൊരു ദുരന്തത്തില്‍ കലാശിച്ചിരിക്കുന്നത്.
ഭൂകമ്പങ്ങളും അഗ്നിപര്‍വത സ്ഫോടനങ്ങളും നിത്യസംഭവമായ പസിഫിക് 'റിങ് ഓഫ് ഫയര്‍' മേഖലയിലാണ് ഇന്തൊനീഷ്യ സ്ഥിതി ചെയ്യുന്നത്. നിലവില്‍ മൗണ്ട് ഡുകോണോയിലെ സ്ഫോടനങ്ങളില്‍ അഞ്ച് പര്‍വതാരോഹകര്‍ക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക വിവരം. പരുക്കേറ്റവരെ കാട്ടിലൂടെ സ്ട്രെച്ചറുകളില്‍ ചുമന്നുകൊണ്ട് വരുന്ന രക്ഷാപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഇന്തൊനീഷ്യന്‍ ദുരന്തനിവാരണ ഏജന്‍സി പുറത്തുവിട്ടു. സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പൗരന്മാര്ക്കായി സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ ഇന്തൊനീഷ്യന്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.






