മോസ്കോ: റഷ്യയിലെ മോസ്കോയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു. ഇന്ത്യക്കാരായ മൂന്നു തൊഴിലാളികള്‍ക്കു പരുക്കുമുണ്ട്. സംഭവത്തെത്തുടര്‍ന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചികിത്സയിലുള്ള തൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കി. മോസ്കോയിലെ ഒരു സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങളും സംഘര്‍ഷങ്ങളും ശക്തമാകുന്നതിനിടയിലാണ് ദാരുണമായ ഈ സംഭവവും ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിലവില്‍ ആരും ഏറ്റെടുത്തിട്ടില്ല. ആശുപത്രിയില്‍ കഴിയുന്ന തൊഴിലാളികളെ ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ട് സംസാരിച്ചതായി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇന്ത്യന്‍ എംബസി അറിയിച്ചു.
തൊഴിലാളികള്‍ക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി കൂട്ടിച്ചേര്‍ത്തു. ജീവന് നഷ്ടപ്പെട്ട തൊഴിലാളിയുടെ കുടുംബത്തെ എംബസി ഉദ്യോഗസ്ഥര്‍ അനുശോചനം അറിയിച്ചു. യുദ്ധമേഖലകളില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയര്‍ത്തുന്നതാണു പുതിയ സംഭവം.


