വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ അമേരിക്ക അഞ്ച് പ്രധാന നിബന്ധനകള്‍ മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇറാന്റെ പക്കലുള്ള 400 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറണം. ഇറാന്റെ ആണവനിലയങ്ങളില്‍ ഒരെണ്ണം മാത്രമേ തുടര്‍ന്നും പ്രവര്‍ത്തിക്കാവൂ. വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നത് ചര്‍ച്ചകളുടെ തുടര്ച്ചയുമായും അതിന്റെ വിജയകരമായ പൂര്ത്തീകരണവുമായും യു.എസ്. ബന്ധിപ്പിച്ചിട്ടുണ്ട്.
നിബന്ധനകളെല്ലാം ഇറാന് അംഗീകരിച്ചാല്‍ പോലും അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നുള്ള ആക്രമണ ഭീഷണി നിലനില്‍ക്കുമെന്നും യു.എസ്. വ്യക്തമാക്കി. ഇതോടെ യു.എസ്. നിര്‍ദേശങ്ങള്‍ തള്ളിയതായി ഇറാന് അറിയിച്ചു. യുദ്ധത്തിലൂടെ നേടിയെടുക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ചര്‍ച്ചകളിലൂടെ നേടിയെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. എല്ലാ മേഖലകളിലെയും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക, ഇറാനെതിരേയുള്ള ഉപരോധങ്ങള്‍ നീക്കുക, മരവിപ്പിച്ച ഇറാനിയന്‍ ഫണ്ടുകള്‍ വിട്ടുകൊടുക്കുക എന്നിവയായിരുന്നു ഇറാന്റെ പ്രധാന ആവശ്യങ്ങള്‍. യുദ്ധവുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിന്മേല്‍ തങ്ങള്‍ക്കുള്ള പരമാധികാരം അംഗീകരിക്കണമെന്നും ഇറാന് ആവശ്യപ്പെട്ടിരുന്നു. വീണ്ടുമൊരു സൈനികാക്രമണത്തിന് മുതിര്‍ന്നാല്‍ അതിന് കൂടുതല്‍ ശക്തവും കഠിനവുമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ സായുധ സേനാ വക്താവ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്കി.




