
ബംഗാളില്‍ ബി.ജെ.പി. വിജയിക്കാന്‍ രണ്ടു കാര്യങ്ങള്‍ വേണ്ടിയിരുന്നു. ഹിന്ദു ധ്രുവീകരണവും മുസ്ലിം വോട്ടുകളുടെ ഭിന്നിപ്പും. രണ്ടും നടന്നെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. മുന്‍പ് ബി.ജെ.പിയില്‍ ഉണ്ടായിരുന്ന പഴയ തൃണമൂല്‍ നേതാവ് ഹുമയൂണ്‍ കബീര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി മുര്‍ഷിദാബാദിലെ രണ്ടു മണ്ഡലങ്ങളില്‍ ജയിച്ചു. ഇടതുപക്ഷവും കോണ്‍ഗ്രസും നിര്‍ത്തിയ മുസ്ലിം സ്‌ഥാനാര്‍ഥികളും മമതയെ തേച്ചു.
മുര്‍ഷിദാബാദ്, മാള്‍ഡ, ഉത്തര്‍ ദിനാജ്‌പുര്‍ തുടങ്ങിയ മുസ്ലിം സ്വാധീന ജില്ലകളിലും ബംഗ്ലാദേശിനോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി മണ്ഡലങ്ങളിലും നന്മയുടെ അട്ടിമറി നടന്നു. ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി നേടിയ 68 സീറ്റുകളില്‍ 20 എണ്ണം ബംഗാള്‍ അതിര്‍ത്തിയിലാണ്. അതിനടുത്ത ബംഗാള്‍ എസ്.സി./എസ്.ടി. മണ്ഡലങ്ങള്‍ ബി.ജെ.പി. പിടിച്ചു.
കബീറിനു പുറമെ, ഒവൈസി, ഫര്‍ഫറ മോസ്‌ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് എന്നിവയും മുസ്ലിം വോട്ട് പിളര്‍ത്തി ബി.ജെ.പിക്ക് ഗുണം ചെയ്‌തു.
മുര്‍ഷിദാബാദിലെ റജിനഗറില്‍ 59000 വോട്ടിനും നൗടയില്‍ 27000 വോട്ടിനുമാണ് കബീര്‍ ജയിച്ചത്. ജനതാ ഉന്നയന്‍ പാര്‍ട്ടിയുണ്ടാക്കി, ബാബ്‌റി മസ്‌ജിദിന് കല്ലിട്ട കബീര്‍ രണ്ടിടത്തും തൃണമൂലിനെ മൂന്നാം സ്‌ഥാനത്തേക്ക് തള്ളി. 115ല്‍ മത്സരിച്ച പാര്‍ട്ടി ഈ രണ്ടു സീറ്റും ആകെ 0.74% വോട്ടും നേടി. വഖഫ് ബില്‍ പ്രശ്‌നത്തില്‍ മമതയുടെ തോല്‍വി, മുസ്ലിം ബി.സി. സംവരണത്തിലെ പരാജയം എന്നിവയൊക്കെ മുസ്ലിംകളെ അകറ്റി. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഹിന്ദു ധ്രുവീകരണം പൂര്‍ണമായി..
മുസ്ലിംകള്‍ 63% വരുന്ന മുര്‍ഷിദാബാദിലെ ബെല്‍ദംഗ സീറ്റ് ബി.ജെ.പി. പിടിച്ചത്, ഈ പ്രതിഭാസത്തിന് വലിയ ഉദാഹരണമാണ്. 2021ല്‍ ടി.എം.സി. 55%, ബി.ജെ.പി. 28.9% വോട്ട് നേടിയ ഇവിടെ ഇക്കുറി ബി.ജെ.പിയുടെ ഭരത് കുമാര്‍ ജാവര്‍ ജയിച്ചത്, 31.95 വോട്ട് നേടിയാണ്. ടി.എം.സി. 26%, കോണ്‍ഗ്രസ് 17.5%. കബീറിന്റെ എ.ജെ.യു.പി. 20%. മുസ്ലിം വോട്ട് ബി.ജെ.പിക്കു വേണ്ടി പിടിച്ചു മാറ്റുന്നതില്‍ കബീര്‍ വഹിച്ച പങ്ക് ചെറുതല്ല.
മുര്‍ഷിദാബാദിലെ തന്നെ കന്തി മണ്ഡലത്തില്‍ ടി.എം.സി.യുടെ അപൂര്‍ബ സര്‍ക്കാര്‍ തോറ്റപ്പോള്‍, ടി.എം.സി. വോട്ട് 2021ലെ 51%ല്‍നിന്ന് 31 ആയി കുറഞ്ഞു. ബി.ജെ.പി യുടെ ഗാര്‍ഗി ദാസ് ഘോഷ് ആറു ശതമാനം വോട്ട് കൂടുതല്‍ നേടി ജയിച്ചു. കോണ്‍ഗ്രസിന്റെ ഷമീം റാണ 15% വോട്ടും ഒവൈസിയുടെ മെഹ്‌സാബുല്‍ ഖാന്‍ 11% വോട്ടും പിടിച്ചാണ് ബി.ജെ.പിയെ രക്ഷിച്ചത്.
അതിര്‍ത്തിയില്‍ ബി.ജെ.പി.
ഇതുപോലെ, മുര്‍ഷിദാബാദ് ജില്ലയില്‍ മറ്റ് പാര്‍ട്ടികള്‍ മുസ്ലിംകളെ നിര്‍ത്തിയ സ്‌ഥലത്തൊക്കെ ബി.ജെ.പി. നേടി. ജംഗിര്‍പുരില്‍ ബി.ജെ.പിയുടെ ചിറ്റോ മുക്കര്‍ജി 22 ശതമാനത്തില്‍നിന്ന് 43% ആയി വോട്ട് ഉയര്‍ത്തിയാണ് ജയിച്ചത്. ടി.എം.സിയുടെ ജാകിര്‍ ഹുസൈന്‍ 38%, കോണ്‍ഗ്രസിന്റെ മുഹമ്മദ് ഇമ്രാന്‍ 14.69% നേടി. അങ്ങനെ സിറ്റിങ് എം.എല്‍.എ. ജാകിര്‍ ഹുസൈന്‍ തോറ്റു.
ടി.എം.സി. ചിലയിടത്ത് ജയിച്ചെങ്കില്‍ തന്നെ വോട്ട് കുറഞ്ഞു. ജലാംഗിയില്‍ ടി.എം.സി. വോട്ട് 20.73% കുറഞ്ഞു. കോണ്‍ഗ്രസും സി.പി.എമ്മും കൂടി ഒരു ലക്ഷം വോട്ട് പിടിച്ചതാണ് കാരണം. തൃണമൂലും സി.പി.എമ്മും കോണ്‍ഗ്രസും മുസ്ലിം സ്‌ഥാനാര്‍ഥികളെ നിര്‍ത്തി. ബി.ജെ.പിക്ക് മൂന്നാം സ്‌ഥാനത്ത് നേരിയ വര്‍ധന മാത്രം.
ഭാഗ്‌ബന്‍ഗോലയില്‍ സി.പി.എം., കോണ്‍ഗ്രസ് മുസ്ലിം സ്‌ഥാനാര്‍ഥികള്‍ ടി.എം.സി. വോട്ട് 20% കുറച്ചു. നല്‍ഹട്ടി, റത്തുവ, അശോക് നഗര്‍, ഹരിപ്പാല്‍ മണ്ഡലങ്ങളില്‍ ഐ.എസ്.എഫ്., കോണ്‍ഗ്രസ്, മുസ്ലിം സ്‌ഥാനാര്‍ഥികള്‍ ടി.എം.സി, വോട്ട് കുറച്ചു. മാള്‍ഡയിലെ സുജപുരില്‍ ടി.എം.സി. വോട്ട് കോണ്‍ഗ്രസ്, ഐ.എസ്.എഫ്. ഒവൈസി മുസ്ലിം സ്‌ഥാനാര്‍ഥികള്‍ ചേര്‍ന്ന് 23% ഇടിച്ചു.
ഫറാക്കയില്‍ ടി.എം.സി. മൂന്നാം സ്‌ഥാനത്ത് പോയത്, കോണ്‍ഗ്രസും സി.പി.എമ്മും മുസ്ലിം സ്‌ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടാണ്. കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി മുഹമ്മദ് മേത്താബ് ജയിച്ചത്, 17% വോട്ട് കൂടുതല്‍ നേടിയാണ്. ബി.ജെ.പി. രണ്ടാം സ്‌ഥാനത്തെത്തി. ടി.എം.സി. വോട്ട് 28% ഇടിഞ്ഞു, ബി.ജെ.പിക്ക് 8% കൂടി. റാണി നഗറില്‍ കോണ്‍ഗ്രസ്, ടി.എം.സി, സി.പി.എം. എന്നിവ മുസ്ലിം സ്‌ഥാനാര്‍ഥികളെ നിര്‍ത്തി ടി.എം.സി. വോട്ട് 29% ഇടിച്ചു താഴ്‌ത്തി. കോണ്‍ഗ്രസ് 2021ലെക്കാള്‍ 9% വോട്ട് കൂടുതല്‍ നേടി ജയിച്ചു.
ഹാന്‍സന്‍, സുട്ടി, മുരാറൈ എന്നിവിടങ്ങളിലും കോണ്‍ഗ്രസ്, സി.പി.എം. മുസ്ലിം സ്‌ഥാനാര്‍ഥികള്‍ ടി.എം.സിയെ ഇടിച്ചു താഴ്‌ത്തി. ഹാന്‍സനില്‍ ബി.ജെ.പി. രണ്ടാം സ്‌ഥാനത്ത് എത്തി33%. സുട്ടിയില്‍ കോണ്‍ഗ്രസിന്റെ മുസ്ലിം സ്‌ഥാനാര്‍ഥി 19% വോട്ട് കൂടുതല്‍ നേടി;ടി.എം.സിയുടെ വോട്ട് 22% ഇടിഞ്ഞു. ബി.ജെ.പി. രണ്ടാം സ്‌ഥാനത്തെത്തി. മുരാറൈയില്‍ ടി.എം.സിയുടെ മുസ്ലിം സ്‌ഥാനാര്‍ഥി ജയിച്ചത് 2021ലെക്കാള്‍ 27% വോട്ട് കുറവ് നേടിയാണ്. കോണ്‍ഗ്രസിന്റെ മുസ്ലിം സ്‌ഥാനാര്‍ഥി 16% കൂടുതല്‍. ബി.ജെ.പി. മൂന്നാം സ്‌ഥാനത്ത് 2% കൂടുതല്‍.
ഉത്തര്‍ ദിനാജ്‌പുരിലെ കരന്ദിഗിയില്‍ ബി.ജെപി. 20000 വോട്ടിന് ജയിച്ചത്, സി.പി.എമ്മിന്റെ മുഹമ്മദ് ഷഹാബുദീന്‍ 39000 വോട്ട് പിടിച്ചിട്ടാണ്. ടി.എം.സി. വോട്ട് 55ല്‍നിന്ന് 35% ആയി ഇടിഞ്ഞു.
ടി.എം.സി. വോട്ട് മൊത്തത്തില്‍ 2021ലെ 48.5ല്‍നിന്ന് എട്ട് ശതമാനം കുറഞ്ഞു; ബി.ജെ.പിക്ക് അത്രയും കൂടി 45.8. സി.പി.എം. നാല്, കോണ്‍ഗ്രസ് മൂന്ന് ശതമാനത്തില്‍ തുടരുന്നു. ഐഎസ്.എഫ്. 1.4%. വടക്കുകിഴക്കന്‍ രംഗ്‌പുരിലാണ് സിലിഗുരി ഇടനാഴി. രംഗ്‌പുരിലെ പഴയ വ്യോമതാവളം മുഹമ്മദ് യൂനുസ് ചൈനയ്‌ക്ക് കൈമാറിയിരുന്നു.
ബംഗ്ലാദേശില്‍ ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബംഗാളിനോട് ചേര്‍ന്നു കിടക്കുന്ന 18 മണ്ഡലങ്ങളില്‍ ജമാ അത്തെ ഇസ്ലാമിയാണ് ജയിച്ചത്. പണ്ട് ഇവിടങ്ങളില്‍ അവാമി ലീഗും ജാതീയ പാര്‍ട്ടിയുമാണ് ജയിച്ചിരുന്നത്.
രംഗപൂര്‍, നിംഫാമാറി, കുരിഗ്രാം, ജോയ്‌പുര്‍ഹട്ട്, നവഗാവ്, ജെസോര്‍, മെഹര്‍പുര്‍, ചൗതംഗ, ബാഗ്‌ദ, ജനൈദ, സാത്‌കിര എന്നീ ബംഗ്ലാദേശ് ജില്ലകളിലാണ് ഈ ഭീഷണി. രംഗ്‌പുര്‍, നിംഫാമാറി എന്നിവ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴി അഥവാ ചിക്കന്‍നെക്കിന് അടുത്താണ്.
ജമാ അത്തെ ഇസ്ലാമി 2008-09ല്‍ ജയിച്ചത് ചിറ്റഗോങ്ങില്‍ രണ്ടു സീറ്റില്‍ മാത്രമായിരുന്നു. 2014, 2018, 2024 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചില്ല. 1971ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് പാകിസ്‌താന്‍ പട്ടാളവുമായി ചേര്‍ന്ന് ഹിന്ദു വംശഹത്യയ്‌ക്ക് ഈ സംഘടന ഒത്താശ ചെയ്‌തതിനെ തുടര്‍ന്നുള്ള ശിക്ഷയാണ് നിരോധന കാരണമായത്. എന്നാല്‍, ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമി രംഗ്‌പുര്‍ മേഖലയിലെ 32 സീറ്റില്‍ 18 നേടി അതിര്‍ത്തിയില്‍ സംഘര്‍ഷം വിതയ്‌ക്കുന്നു. ചൈനയ്‌ക്ക് ഒത്താശ ചെയ്യുന്നു. അതിനാല്‍ തന്നെ, അടുത്ത ബംഗാള്‍ മണ്ഡലങ്ങളില്‍ ഗോത്രവര്‍ഗം ബി.ജെ.പിയെ ജയിപ്പിച്ചിരിക്കുന്നു. ഇക്കുറി അവയ്‌ക്കടുത്ത മണ്ഡലങ്ങളില്‍ ബി.ജെ.പി. കോട്ട കെട്ടി ജയിച്ചു.
അധികാരി വന്ന ശേഷം ബി.എസ്.എഫിന് 600 ഏക്കര്‍ കൊടുക്കുന്ന ഫയലിലാണ് ആദ്യം ഒപ്പിട്ടത് എന്നത് ശ്രദ്ധേയമാണ്. ആ ഭാഗത്ത് രാഷ്‌ട്രീയ വേലി മാത്രമല്ല കെട്ടേണ്ടത്. ഇനി നുഴഞ്ഞുകയറ്റം ഉണ്ടാകരുത്. ആ സന്ദേശം കൂടി ഈ ഫലത്തില്‍ കാണാം.





