ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ പാരമ്പര്യ സമവാക്യങ്ങളെ പൂര്‍ണമായും തിരുത്തിക്കുറിച്ച് ചരിത്രപരമായ മന്ത്രിസഭാ വികസനവുമായി മുഖ്യമന്ത്രി വിജയ്. യുവത്വത്തിനും സാമൂഹികനീതിക്കും പ്രാധാന്യം നല്‍കിക്കൊണ്ട് സംസ്ഥാന ഭരണത്തില്‍ വന്‍ അഴിച്ചുപണിയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പുതുമകളും പുതുമുഖങ്ങളും ഏറെയുള്ള മന്ത്രിസഭയെ 'കാബിനറ്റ് ഓഫ് ഫസ്റ്റ്സ്' (തുടക്കക്കാരുടെ മന്ത്രിസഭ) എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അരനൂറ്റാണ്ടിലേറെയായി ഏകകക്ഷി ഭരണരീതി മാത്രം കണ്ടിരുന്ന തമിഴ് രാഷ്ട്രീയത്തിനു വിജയ് അന്ത്യം കുറിച്ചിരിക്കുകയാണ്.
തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) നേതൃത്വത്തില്‍ സഖ്യകക്ഷികളെക്കൂടി ഉള്‍പ്പെടുത്തി തമിഴ്നാടിന്റെ ചരിത്രത്തിലെ ആദ്യ കൂട്ടുമന്ത്രിസഭയാണ് അദ്ദേഹം രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തു രൂപീകൃതമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭ എന്ന പ്രത്യേകതയുമുണ്ട്.
ആകെയുള്ള 33 മന്ത്രിമാരില്‍ 11 പേരും 40 വയസില്‍ താഴെയുള്ളവരാണ്. പരമ്പരാഗത രാഷ്ട്രീയ ശൃംഖലകള്‍ക്കു പകരം പുത്തന്‍ ആശയങ്ങള്‍ക്കും യുവത്വത്തിനും വിജയ് വലിയ പ്രാധാന്യം നല്കി. ആകെയുള്ള 33 പേരില്‍ ഒരാള്‍ക്ക് മാത്രമേ മന്ത്രിയെന്ന നിലയില്‍ പ്രവൃത്തിപരിചയമുള്ളു. ബാക്കി 32 പേരും പുതുമുഖങ്ങളാണെങ്കിലും വലിയ ആത്മവിശ്വാസത്തിലാണു ടീം അംഗങ്ങള്‍. സാമൂഹികനീതിക്ക് അടിവരയിടുന്ന പുതിയ കാബിനറ്റില്‍ നിലവില്‍ ഏഴ് ദളിത് മന്ത്രിമാരെ ഉള്‍പ്പെടുത്തിട്ടുണ്ട്.
സഖ്യകക്ഷിയായ വി.സി.കെ കൂടി പ്രതിനിധിയെ പ്രഖ്യാപിക്കുന്നതോടെ ഇത് എട്ടാകും. സാമൂഹികനീതി ഉയര്‍ത്തിപ്പിടിച്ചതായി മുമ്പ് അവകാശപ്പെട്ടിരുന്ന ഡി.എം.കെ സര്ക്കാരില്പ്പോലും നാല് ദളിത് മന്ത്രിമാരേ ഉണ്ടായിരുന്നുള്ളൂ.
ചരിത്രപരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചെറുകിട സമുദായങ്ങള്‍ക്കെല്ലാം വിജയ് മന്ത്രിസഭയില്‍ സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്.മന്ത്രിസഭയിലെ പ്രത്യയശാസ്ത്രപരമായ ഏറ്റവും വലിയ മാറ്റം രണ്ടു ബ്രാഹ്മണ മന്ത്രിമാരെ ഉള്‍പ്പെടുത്തിയതാണ്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിത്തറയായ ബ്രാഹ്മണവിരുദ്ധ/യുക്തിവാദ നിലപാടുകള്‍ കാരണം ഡി.എം.കെയോ അണ്ണാ ഡി.എം.കെയോ ബ്രാഹ്മണമുഖങ്ങളെ കാര്യമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട മുന്‍ മുഖ്യമന്ത്രി ജയലളിത പോലും തന്റെ ഭരണകാലത്ത് ബ്രാഹ്മണരെ മന്ത്രിമാരാക്കാന്‍ മുതിര്‍ന്നിരുന്നില്ല. സംസ്ഥാന ജനസംഖ്യയില്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രമുള്ള ബ്രാഹ്മണ സമുദായത്തിനു മന്ത്രിസ്ഥാനം നല്‍കിയതിലൂടെ ജാതിമത ചിന്തകള്‍ക്ക് അതീതനാണു താനെന്ന വലിയ രാഷ്ട്രീയസന്ദേശമാണു വിജയ് നല്‍കുന്നത്.




