ചെന്നൈ: മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയഗാനത്തിനും വന്ദേമാതരത്തിനും ശേഷം തമിഴ്നാട് സംസ്ഥാന ഗാനം ആലപിച്ചതില്‍ വിവാദം. ഇന്നലെ ലോക് ഭവനില്‍ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്നാട് സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ച ക്രമത്തെച്ചൊല്ലിയാണു വീണ്ടും രാഷ്ട്രീയ വിവാദം. വന്ദേമാതരത്തിനും ദേശീയഗാനത്തിനും ശേഷമാണു 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചത്.
21 ടി.വി.കെ എം.എല്‍.എമാരും രണ്ട് കോണ്‍ഗ്രസ് ജനപ്രതിനിധികളും ഉള്‍പ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 23 മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ ഗാനങ്ങള്‍ ആലപിച്ച ക്രമത്തിനെതിരേ ആദ്യം രംഗത്തെത്തിയത് വിജയ്യിനെ പിന്തുണയ്ക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളാണ്. തമിഴ് പ്രാര്‍ത്ഥനാ ഗാനം വന്ദേമാതരത്തിനും ജനഗണമനയ്ക്കും ശേഷം ആലപിക്കാന്‍ പാടില്ലായിരുന്നു എന്ന് അവര്‍ പ്രതികരിച്ചു.
പിന്നാലെ ഡി.എം.കെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും വിഷയം ഏറ്റെടുക്കുകയായിരുന്നു. ഗാന വിവാദം ഉയര്‍ന്നു വരുന്നത് ഇതാദ്യമായല്ല. മേയ് 10ന് മുഖ്യമന്ത്രി വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തമിഴ് തായ് വാഴ്ത്ത് വന്ദേമാതരത്തിനും ദേശീയഗാനത്തിനും ശേഷം മൂന്നാമതായി ആലപിച്ചത് വിവാദത്തിന് കാരണമായിരുന്നു.
സംസ്ഥാന ഗാനത്തിന് മുന്‍ഗണന നല്‍കണമെന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യന് പറഞ്ഞു.
'ഇന്ത്യയുടെ ദേശീയ ഗീതത്തെയും ദേശീയഗാനത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ തമിഴ് ഗാനത്തിന് മുന്‍ഗണന നല്കാന് ഗവര്‍ണര്‍ തയാറാകണം'- അദ്ദേഹം പറഞ്ഞു. വിഷയം ഇതിനകം തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം പറഞ്ഞു.
തമിഴ് പ്രാര്‍ത്ഥനാ ഗാനം മൂന്നാമതായി ആലപിച്ചതിനോട് പാര്‍ട്ടിയ്ക്ക് യോജിപ്പില്ലെന്നു ടി.വി.കെ. വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിലുള്ള പൊതുരീതിയെയാണ് പിന്തുണയ്ക്കുന്നതെന്നും പുതുതായി ചുമതലയേറ്റ മന്ത്രി ആദവ് അര്‍ജുന അവകാശപ്പെട്ടു.
ചടങ്ങിന് ശേഷം ഈ വിഷയം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ ചൂണ്ടിക്കാണിച്ചാണു ഗവര്‍ണറുടെ ഓഫീസ് ഈ ക്രമത്തെ ന്യായീകരിക്കുന്നതെന്നും അര്‍ജുന പറഞ്ഞു. ചടങ്ങില്‍ പിന്തുടര്‍ന്ന ഈ ക്രമം തമിഴ്നാടിന് അനുയോജ്യമല്ല എന്ന് അര്‍ജുന വ്യക്തമാക്കി.


