ചെന്നൈ: തമിഴ്നാട്ടിലെ വിജയ് സര്‍ക്കാരില്‍ ഡി.എം.കെ സഖ്യകക്ഷികളായ വിടുതലൈ ചിരുതൈകള്‍ കക്ഷിയും (വി.സി.കെ) മുസ്ലിം ലീഗും (ഐ.യു.എം.എല്‍) പങ്കാളികളാകും. ഇവരുടെ എം.എല്‍.എമാര്‍ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണു സൂചന.
ഏപ്രില്‍ 23-നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷത്തില്‍ എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഡി.എം.കെ സഖ്യകക്ഷികളായ ചെറുപാര്‍ട്ടികളുടെ പിന്തുണയോടെയാണ് വിജയ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഭരണത്തില്‍ പങ്കാളിയാകാന്‍ അദ്ദേഹം നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും വി.സി.കെ വിട്ടുനില്‍ക്കുകയായിരുന്നു.
രണ്ടു സീറ്റുകള്‍ മാത്രമുള്ള തങ്ങള്‍ നിബന്ധനകളില്ലാതെയാണു സര്‍ക്കാര്‍ രൂപീകരണത്തെ പിന്തുണയ്ക്കുന്നതെന്നും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടില്ലെന്നുമാണ് വി.സി.കെ അധ്യക്ഷന്‍ തോല് തിരുമാളവന് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. ഇതോടെ ഇന്നലെ നടന്ന ചടങ്ങില്‍ ടി.വി.കെയുടെ 21 എം.എല്‍.എമാരും കോണ്‍ഗ്രസിന്റെ രണ്ട് എം.എല്‍.എമാരും മാത്രമേ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നുള്ളൂ.
എന്നാല്‍ വി.സി.കെ പിന്നീട് മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ ബി.ജെ.പി സ്വാധീനമുണ്ടാക്കുന്നതും സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലേക്കു നീങ്ങുന്നതും തടയാന്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ അനുമതിയോടെയാണു തങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാകുന്നതെന്ന് വി.സി.കെ വ്യക്തമാക്കിയിട്ടുണ്ട്.മുസ്ലിം ലീഗ് നേരത്തെതന്നെ വിജയ്യുടെ ക്ഷണം സ്വീകരിച്ചിരുന്നെങ്കിലും മന്ത്രിയുടെ പേര് പ്രഖ്യാപിച്ചിരുന്നില്ല. ഇന്നലെ രാവിലെ ലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫ. കെ.എം. ഖാദര്‍ മൊയ്തീനാണ് തമിഴ്നാട് സര്‍ക്കാരില്‍ ചേരാനുള്ള ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചത്.
പാപനാശം എം.എ.എല്‍.എ: എ.എം. ഷാജഹാനെ മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.
നിലവില്‍ 33 മന്ത്രിമാരാണു വിജയ് മന്ത്രിസഭയിലുള്ളത്. ഇനി ആകെയുള്ള രണ്ട് ഒഴിവുകളിലേക്കു ലീഗും വി.സി.കെയും എത്തുന്നതോടെ സര്‍ക്കാരിനെ പിന്തുണച്ച അണ്ണാ ഡി.എം.കെ വിമതര്‍ക്കു സാധ്യത ഇല്ലാതാകും.
അതേസമയം പുറത്തുനിന്നു സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും മന്ത്രിസഭയിലേക്കില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു സി.പി.ഐയും സി.പി.എമ്മും. ഈമാസം 13-നു നടന്ന വിശ്വാസവോട്ടെടുപ്പില്‍ എ.അണ്ണാ ഡി.എം.കെയില്‍നിന്ന് എസ്.പി. വേലുമണിയുടെയും സി.വി. ഷണ്മുഖത്തിന്റെയും നേതൃത്വത്തിലുള്ള 25 എം.എല്‍.എമാര്‍ വിജയ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. വിമതവിഭാഗത്തിലുള്ള ഇവരുമായി വോട്ടെടുപ്പിനു മുമ്പ് വിജയ് കൂടിക്കാഴ്ച നടത്തിയത് സഖ്യകക്ഷികളില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു.
അണ്ണാ ഡി.എം.കെ വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ പിന്തുണ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഇടതു കക്ഷികള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. അഞ്ച് എം.എല്‍.എമാരുള്ള കോണ്‍ഗ്രസിനു പുറമേ ഇടതുപക്ഷവും വി.സി.കെയും മുസ്ലിം ലീഗും (രണ്ടു സീറ്റുകള്‍ വീതം) നിലവില്‍ വിജയ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു.




