ന്യൂഡല്‍ഹി: ഈ മാസം 28 മുതല്‍ ഡല്‍ഹിയില്‍ നടത്താനിരുന്ന ഇന്ത്യ- ആഫ്രിക്കന്‍ യൂണിയന് ഉച്ചകോടി ആഫ്രിക്കയുടെ ചില ഭാഗങ്ങളിലെ എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. പുതിയ തിയതി പിന്നീടു തീരുമാനിക്കും. നാലാമത് ഇന്ത്യ-ആഫ്രിക്കന്‍ ഫോറം ഉച്ചകോടിക്കായി ഇരുപക്ഷവും തയാറെടുത്തുവരികയായിരുന്നു. എന്നാല്‍, ആഫ്രിക്കയില്‍ എബോള വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഉച്ചകോടി മാറ്റിവയ്ക്കാന്‍ ഇരുപക്ഷവും തമ്മിലുള്ള കൂടിയാലോചനയില്‍ തീരുമാനിച്ചെന്ന് വിദേശമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ആഫ്രിക്കയുടെ പല ഭാഗങ്ങളിലും മാരകമായ എബോള വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയിലാണ് ഏറ്റവുമൊടുവില്‍ വൈറസ് വ്യാപനം കണ്ടെത്തിയത്. ഇന്ത്യയില്‍ എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. അവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


