ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തരംഗം സൃഷ്ടിച്ച 'കോക്രോച്ച് ജനതാ പാര്‍ട്ടി' എന്ന പരിഹാസ രൂപേണയുള്ള ഡിജിറ്റല്‍ കൂട്ടായ്മയുടെ എക്സ് (ട്വിറ്റര്‍) അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞു. ഇതിന് തൊട്ടുപിന്നാലെ 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരില്‍ മറ്റൊരു ഹാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ആഴ്ച രൂപീകരിച്ച കോക്രോച്ച് ജനതാ പാര്‍ട്ടി(സി.ജെ.പി) വന്‍ ആരാധക പിന്തുണ നേടിയിരുന്നു.
സര്‍ക്കാര്‍ നീക്കം പ്രതീക്ഷിച്ചിരുന്നതായി സി.ജെ.പി. സ്ഥാപകന്‍ അഭിജീത് ദിപ്കെ പറഞ്ഞു. വിഷയത്തില്‍ തങ്ങളുടെ സംഘം നിയമപരമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേ സി.ജെ.പിയുടെ എക്സ് ഹാന്‍ഡിലിന് 16,800 ഫോളോവേഴ്സ് ആയിക്കഴിഞ്ഞിരുന്നു. അത് 2,01,000 ഫോളോവേഴ്സ് എന്ന നിലയിലെത്തിയപ്പോഴാണു നടപടിയുണ്ടായത്.
ചീഫ് ജസ്റ്റിസിന്റെ ഒരു പരാമര്‍ശമാണു കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന എക്സ് ഹാന്‍ഡിലിന്റെ രൂപീകരണത്തില്‍ കലാശിച്ചത്. അഭിഭാഷക പദവി ആവശ്യപ്പെട്ടുള്ള ഒരു ഹര്‍ജി പരിഗണിക്കവേ, ഒരു അഭിഭാഷകനെ ശാസിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് 'പരാന്നഭോജികള്‍' , 'പാറ്റകള്‍' എന്നീ വാക്കുകള്‍ ഉപയോഗിച്ചതാണു വിവാദമായത്.
തന്റെ വാക്കുകള്‍ തെറ്റായി ഉദ്ധരിച്ചതാണെന്നും, 'വ്യാജ ബിരുദങ്ങളുമായി' നിയമരംഗത്തേക്ക് പ്രവേശിക്കുന്ന വ്യക്തികളെ ഉദ്ദേശിച്ചാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തത വരുത്തിയിരുന്നു.
മേയ് 15ന് സി.ജെ.ഐയുടെ പരാമര്‍ശം വന്ന് ഒരു ദിവസത്തിനു ശേഷമാണ് കോക്രോച്ച് ജനതാ പാര്‍ട്ടി നിലവില്‍ വന്നത്. അതു വളരെ വേഗത്തില്‍ വൈറലാവുകയും രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരന്മാര് അടക്കം മുതിര്‍ന്നവരും യുവാക്കളുമായ വലിയൊരു വിഭാഗം സാമൂഹിക മാധ്യമ ഉപയോക്താക്കളുടെയും പിന്തുണ ആകര്‍ഷിക്കുകയും ചെയ്തു. സി.ജെ.പിയുടെ എക്സ് അക്കൗണ്ട് ഇന്നലെ ഇന്ത്യയില്‍ ലഭ്യമാകാതെയായെങ്കിലും, ഈ കൂട്ടായ്മയുടെ ഇന്‍സ്റ്റാഗ്രാം പേജ് സജീവമായി തുടരുന്നുണ്ട്.
നിലവില്‍ അതിന് ഏകദേശം 1.43 കോടി ഫോളോവേഴ്സ് ഉണ്ട്-അത് ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
'എക്സ് ഹാന്‍ഡിലും ഈ പ്രസ്ഥാനവും ഓരോ ദിവസവും ആയിരക്കണക്കിന് ഫോളോവേഴ്സിനെ നേടിക്കൊണ്ട് അതിവേഗം വളരുകയായിരുന്നു... ഒരുപക്ഷേ അതാകാം സര്‍ക്കാരിനെ ഭയപ്പെടുത്തിയത്'- ദിപ്കെ ആരോപിച്ചു. മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ (എ.എ.പി) പ്രവര്‍ത്തിച്ചിരുന്ന ദിപ്കെ, തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് വ്യാഴാഴ്ച എക്സ്ല് കുറിച്ചു.
അതേസമയം 'കോക്രോച്ച്' എന്ന പേര് ഉപയോഗിക്കുന്ന മറ്റ് പല അക്കൗണ്ടുകളും എക്സ്ല് ഇപ്പോഴും സജീവമാണ്. 'ദ് കോക്രോച്ച് യൂത്ത്', 'കോക്രോച്ച് ന്യൂസ്', 'ഐ ആം കോക്രോച്ച്', 'കോക്രോച്ച് പാര്‍ട്ടി ഓഫ് ഇന്ത്യ', 'കോക്രോച്ച് ജനതാ പാര്‍ട്ടി (ജെന്‍ സെഡ്)' എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഓണ്‍ലൈന്‍ ആക്ഷേപഹാസ്യ പ്രോജക്ടായി തുടങ്ങിയ ഇത്, ചുരുങ്ങിയ കാലം കൊണ്ട് സമകാലിക പ്രതിഷേധങ്ങളെക്കുറിച്ചും അതില്‍ ഹാസ്യത്തിന്റെയും മീം സംസ്കാരത്തിന്റെയും പങ്കിനെക്കുറിച്ചുമുള്ള വിപുലമായ ചര്‍ച്ചയായി മാറി.
മീമുകള്‍ ഉപയോഗിച്ച്, മൂര്‍ച്ചയേറിയ രാഷ്ട്രീയ പരിഹാസങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ശ്രദ്ധ പിടിച്ചുപറ്റിയത്.
തൊഴിലില്ലായ്മ, പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച, വിദ്യാഭ്യാസം തുടങ്ങിയ യുവാക്കളുടെ പ്രശ്നങ്ങളാണ് ഗ്രാഫിക്സ്, ആനിമേഷന്‍, പ്രകടനപത്രികകള്‍ , ചാര്‍ട്ടര്‍ ശൈലിയിലുള്ള ആവശ്യങ്ങള്‍ എന്നിവയിലൂടെ ഇവരുടെ ഉള്ളടക്കത്തിന്റെ പ്രധാന കേന്ദ്രം.
ഈ പെട്ടെന്നുള്ള വളര്‍ച്ച മീം ക്രിയേറ്റര്‍മാരുടെയും യുവാക്കളുടെയും മാത്രമല്ല, ഇതിനെ ഡിജിറ്റല്‍ വിയോജിപ്പിന്റെ രൂപമായി കണ്ട പ്രമുഖ വ്യക്തികളുടെയും ശ്രദ്ധ ആകര്‍ഷിച്ചു. പ്രശാന്ത് ഭൂഷണ്, അഞ്ജലി ഭരദ്വാജ് തുടങ്ങിയ ആക്ടിവിസ്റ്റുകള്‍ക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ് തുടങ്ങിയ രാഷ്ട്രീയക്കാരും ഈ പ്രസ്ഥാനത്തോട് പ്രതികരിക്കുകയോ താല്പര്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.
പലരും 'സി.ജെ.പി' എന്ന് വിളിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വെബ്സൈറ്റ് സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: വ്യവസ്ഥിതി എണ്ണാന്‍ മറന്നുപോയ മനുഷ്യര്‍ക്കായുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി. അഞ്ച് ആവശ്യങ്ങള്‍. പൂജ്യം സ്പോണ്‍സര്‍മാര്‍. ശാഠ്യക്കാരായ ഒരു വലിയ കൂട്ടം . തങ്ങള്‍ അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമാണ് എന്നും അവര്‍ പ്രഖ്യാപിക്കുന്നു.




