ഹവാന: ക്യൂബന്‍ മുന്‍ നേതാവ് റൗള്‍ കാസ്ട്രോ(94)യ്ക്കെതിരേ യു.എസ്. കൊലക്കുറ്റം ചുമത്തി. 1996ല്‍ ക്യൂബയ്ക്കും ഫേ്ലാറിഡയ്ക്കും ഇടയില്‍ രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ട സംഭവത്തില്‍, യു.എസ് പൗരന്മാരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയത്.
ക്യൂബന്‍ - അമേരിക്കന്‍ കൂട്ടായ്മയായ 'ബ്രദേഴ്സ് ടു ദ് റെസ്ക്യൂ' എന്ന സംഘടനയുടെ വിമാനങ്ങള്‍ വെടിവച്ചിട്ടതിനും, മൂന്ന് അമേരിക്കക്കാര്‍ ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയതിനും കാസ്ട്രോയ്ക്കും മറ്റ് അഞ്ച് പേര്ക്കുമെതിരേയാണു കുറ്റം തയാറാക്കിയത്. 1996ല്‍ ക്യൂബയുടെ സായുധ സേനയുടെ തലവനായിരുന്നു റൗള്‍ കാസ്ട്രോ. വിമാനാപകടത്തെത്തുടര്‍ന്ന് അദ്ദേഹത്തിനു രാജ്യാന്തര തലത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു.
ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്മേല് യു.എസ്. സമ്മര്‍ദം ശക്തമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണു പുതിയ നീക്കം. യു.എസിലെ കേസിനെ നിയമപരമായ അടിത്തറയുമില്ലാത്ത രാഷ്ട്രീയ നാടകം എന്നാണു ക്യൂബന്‍ പ്രസിഡന്റ് മിഗുവെല്‍ ഡിയാസ്കാനല് വിശേഷിപ്പിച്ചത്.
ക്യൂബന്‍ നേതൃത്വത്തിനെതിരായ കുറ്റപത്രത്തിന്മേല് യു.എസ്. കോടതിയില്‍ വിചാരണ നടക്കേണ്ടതുണ്ട്. ഇതിലെ ചില കുറ്റങ്ങള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാം. കൊലക്കുറ്റങ്ങളില്‍ ഓരോന്നിനും പരമാവധി ശിക്ഷ വധശിക്ഷയോ ജീവപര്യന്തം തടവോ ആണ്.
അതിനിടെ ക്യൂബയില്‍ ഭരണമാറ്റമാണു ലക്ഷ്യമെന്ന സൂചനയുമായി യു.എസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ രംഗത്തെത്തി.
'പ്രസിഡന്റ് ട്രംപ് യു.എസും ഒരു പുതിയ ക്യൂബയും തമ്മില്‍ പുതിയ പാത വാഗ്ദാനം ചെയ്യുകയാണ്'- റൂബിയോ പറഞ്ഞു. ദ്വീപിലെ ജനങ്ങള്‍ അനുഭവിക്കുന്ന വൈദ്യുതി തടസത്തിനും ഭക്ഷ്യക്ഷാമത്തിനും പ്രധാന ഉത്തരവാദി ക്യൂബന്‍ മിലിട്ടറി നടത്തുന്ന 'ഗായേസ' എന്ന കമ്പനിയാണെന്ന് റൂബിയോ പറഞ്ഞു.
തുറമുഖങ്ങള്‍ മുതല്‍ പെട്രോള്‍ പമ്പുകള്‍ വരെയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ വരെയും ഉള്ള ക്യൂബന്‍ സമ്പദ്വ്യവസ്ഥയുടെ ലാഭകരമായ ഭൂരിഭാഗം മേഖലകളും നിയന്ത്രിക്കുന്നത് ഗായേസയാണ്.
റൗള്‍ കാസ്ട്രോയെ പിടികൂടാന്‍ യു.എസ് ശ്രമിക്കുമോ എന്ന് അദ്ദേഹം സ്ഥിരീകരിച്ചില്ലെങ്കിലും, റൗള്‍ സ്വന്തം ഇഷ്ടപ്രകാരമോ അല്ലെങ്കില്‍ മറ്റേതെങ്കിലും വഴിയോ ഹാജരാകുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജനുവരിയില്‍, യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നു വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി യു.എസിലേക്ക് കൊണ്ടുവരാന്‍ സൈനിക ഓപ്പറേഷന് നടത്തിയിരുന്നു.
അതു വാഷിങ്ടണും വെനസ്വേലയും തമ്മിലുള്ള ബന്ധത്തെ മാറ്റിമറിച്ചു. എന്നാല്‍ റൗള്‍ കാസ്ട്രോ ഒരു ദശാബ്ദം മുമ്പ് തന്നെ വിരമിച്ചതിനാല്‍ ക്യൂബയില്‍ ഇത് സമാനമായ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.


