അഹമ്മദാബാദ്: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് 230 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സടിച്ചു. ഗുജറാത്തിനായി സായ് സുദര്ശന് (53 പന്തില്‍ 84), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (37 പന്തില്‍ 64), ജോസ് ബട്ലര് (27 പന്തില്‍ 57) എന്നിവര്‍ അര്‍ധ സെഞ്ചറികള്‍ നേടി. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ക്യാപ്്റ്റന് ഗില്ലും സായ് സുദര്‍ശനും ഗുജറാത്തിനു സമ്മാനിച്ചത്. ഇരുവരും 125 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തു. പവര്‍പ്ലേയില്‍ 62 റണ്‍സെടുത്ത ഗുജറാത്ത് 9.1 ഓവറിലാണ് 100 പിന്നിട്ടത്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബോളിങ് നിരയ്ക്കു കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല.
അര്‍ധ സെഞ്ചറി നേടിയ ഗില്ലിനെ സ്പെന്‍സര്‍ ജോണ്‍സണിന്റെ പന്തില്‍ ശിവം ദുബെ പിടിച്ചാണ് പുറത്തായത്. പിന്നാലെയെത്തിയ ജോസ് ബട്ലറും തകര്‍ത്തടിച്ചതോടെ ഗുജറാത്ത് അനായാസം 200 കടന്നു. സ്കോര്‍ 207ല്‍ നില്‍ക്കെ സായ് സുദര്‍ശനെ അന്‍ഷൂല്‍ കാംബോജ് മാത്യു ഷോര്‍ട്ടിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ രാഹുല്‍ തെവാത്തിയയെ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് റണ്‍ഔട്ടാക്കി. ഇന്നിങ്സിന്റെ അവസാന പന്തില്‍ വാഷിങ്ടന്‍ സുന്ദറിനെ (ഏഴ്) മുകേഷ് ചൗധരി മടക്കി. ഗുജറാത്ത് നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ചതാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയാണ്. സഞ്ജു സാംസണെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് സിറാജ് ബട്ലറുടെ കൈകളിലെത്തിച്ചു. 24 റണ്‍സ് എടുത്ത മാത്യുഷോര്ട്ടിനെ റബാര്ഡ വീഴ്ത്തി. 19 റണ്‍സ് എടുത്ത കാര്‍ത്തിക് ശര്‍മ്മ റണ്‍ ഔട്ടായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ എട്ട് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്ണാണ് ചെന്നൈയുടെ സ്കോര്‍.



