
ഇറാന്-ഇസ്രായേല്അമേരിക്ക സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായിരിക്കുകയാണ്. കേരളത്തിലടക്കം ഗാര്‍ഹിക സിലിണ്ടര്‍ ലഭിക്കാതെ ജനങ്ങള്‍ വലയുമ്പോള്‍, എല്‍പിജി ക്ഷാമം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ചെറുകിട ഭക്ഷണശാലകള്‍ നടത്തുന്നവരെയാണ്. കച്ചവടം മുടങ്ങാതിരിക്കാന്‍ വന്‍തുക മുടക്കി കരിഞ്ചന്തയില്‍ നിന്ന് സിലിണ്ടര്‍ വാങ്ങേണ്ടി വരുന്ന അവസ്ഥയിലാണ് പലരും. എന്നാല്‍, ഇത്തരം അനധികൃത ഇടപാടുകള്‍ സാധാരണക്കാരെ ചൂഷണം ചെയ്യാനുള്ള വഴിയായി മാറുകയാണെന്ന് തെളിയിക്കുന്ന, മീററ്റ് സ്വദേശിയായ ഒരു കച്ചവടക്കാരന്റെ അനുഭവമാണ് ഇപ്പോള്‍ മാധ്യമശ്രദ്ധ നേടുന്നത്.
ഉത്തര്‍പ്രദേശിലെ മീററ്റ് ലിസാരി ഗേറ്റ് പ്രദേശത്തിന് കീഴിലുള്ള താരാപുരിയിലാണ് സംഭവം നടന്നത്. തട്ടുകടയില്‍ പക്കോഡ വ്യാപാരം നടത്തുന്ന ഫാഹിം എന്ന വ്യക്തിയാണ് കരിഞ്ചന്തക്കാരുടെ തട്ടിപ്പിന് ഇരയായത്. ഗാര്‍ഹിക ഉപയോഗത്തിനായി കൈവശമുണ്ടായിരുന്ന സിലിണ്ടര്‍ കാലിയായതോടെ കച്ചവടം മുടങ്ങാതിരിക്കാന്‍ ഇദ്ദേഹം ഒരു അനധികൃത വ്യാപാരിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 14 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടര്‍ 2500 രൂപയെന്ന വന്‍തുക നല്കി ഫാഹിം വാങ്ങി. പണം അധികം ആയാലും കച്ചവടം നടക്കുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു അദ്ദേഹം.
എന്നാല്‍ സിലിണ്ടര്‍ വീട്ടിലെത്തിച്ച് അടുപ്പുമായി ബന്ധിപ്പിച്ചു നോക്കിയപ്പോഴാണ് സ്റ്റൗ കത്തുന്നില്ല എന്ന് കണ്ടെത്തിയത്. സ്റ്റൗവിന്റെയോ റെഗുലേറ്ററിന്റെയോ തകരാറാണെന്ന് കരുതി പലതവണ പരിശോധിച്ചെങ്കിലും ബര്‍ണറിലേക്ക് ഗ്യാസ് എത്തുന്നില്ല എന്ന് വ്യക്തമായി. തുടര്‍ന്ന് സംശയം തോന്നി സിലിണ്ടര്‍ ഉയര്‍ത്തി തലകീഴായി പിടിച്ചപ്പോഴാണ് അതിനുള്ളില്‍ നിന്നും വന്‍തോതില്‍ വെള്ളം പുറത്തേക്ക് ചീറ്റി തുടങ്ങിയത്. സിലിണ്ടറില്‍ ഗ്യാസിന് പകരം വെള്ളം നിറച്ചാണ് തങ്ങളെ കബളിപ്പിച്ചതെന്ന് ഫാഹിമും കുടുംബവും തിരിച്ചറിഞ്ഞു. വളരെ ചെറിയ അളവില്‍ മാത്രമാണ് സിലിണ്ടറിനുള്ളില്‍ ഗ്യാസ് ഉണ്ടായിരുന്നത്.
ചൂഷണത്തിന്റെ ദൃശ്യങ്ങള്‍ ഫാഹിം മൊബൈലില്‍ പകര്‍ത്തുകയും ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എത്ര അടിയന്തര സാഹചര്യമാണെങ്കിലും അംഗീകൃത വ്യാപാരികളില്‍ നിന്നു മാത്രം ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങിയില്ലെങ്കില്‍ വലിയ അപകടങ്ങളും സാമ്പത്തിക നഷ്ടങ്ങളുമാണ് കാത്തിരിക്കുന്നതെന്ന് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു. ഔദ്യോഗികമായി വാങ്ങുന്ന സിലിണ്ടറുകള്‍ക്ക് എന്തെങ്കിലും തകരാറുണ്ടായാല്‍ നിയമപരമായ പരിഹാരമുണ്ടെങ്കിലും, കരിഞ്ചന്തയില്‍ നിന്ന് വാങ്ങി കബളിപ്പിക്കപ്പെട്ടാല്‍ പരാതിപ്പെടാനോ നഷ്ടപരിഹാരം ലഭിക്കാനോ കഴിയില്ലെന്ന് പൊതുജനങ്ങളും ചൂണ്ടിക്കാണിക്കുന്നു.






