ദോഹ: മോഹൻലാൽ ഫാൻസ് കൾച്ചറൽ & വെൽഫെയർ അസോസിയേഷൻ ഖത്തർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ദൃശ്യം 3' ഫാൻസ് ഷോ സംഘടിപ്പിച്ചു. മുഷൈരിബ് ഡൗൺ ടൗൺ ഗലേറിയയിലെ നോവോ സിനിമയിൽ വെച്ചായിരുന്നു പ്രദർശനം.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്രൈം ത്രില്ലറിന്റെ മൂന്നാം ഭാഗമായ ചിത്രത്തിന്റെ പ്രദർശനത്തിന് മുന്നോടിയായി ലാലേട്ടന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് കേക്ക് മുറിച്ച് ആരാധകർ ആശംസകൾ നേർന്നു. മോഹൻലാൽ ചിത്രങ്ങളിലെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച നൃത്തച്ചുവടുകൾ ചടങ്ങിന് മാറ്റുകൂട്ടി.
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ഖത്തറിലെ പ്രവാസി പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് നേടുന്നത്. പതിറ്റാണ്ടുകളായി ആരാധക ഹൃദയങ്ങളിൽ കുടിയേറിയ ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ ദൃശ്യവിസ്മയം പ്രേക്ഷകർ ആവേശത്തോടെയാണ് വരവേറ്റത്. പ്രദർശനത്തിന് മുന്നോടിയായി നടന്ന സാംസ്കാരിക ചടങ്ങിൽ മോഹൻലാലിന്റെ സുഹൃത്തും ഖത്തറിലെ പ്രമുഖ വ്യവസായിയുമായ ജോൺ തോമസ് മുഖ്യതിഥിയായിരുന്നു. ഫാൻസ് ഷോയുടെ പ്രായോജകരായ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഒ. കെ. പരുമല, മഞ്ജു മനോജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മോഹൻലാൽ ഫാൻസ് കൾച്ചറൽ & വെൽഫെയർ അസോസിയേഷൻ ഖത്തർ പ്രസിഡന്റ് ദീപക്, അഡ്വൈസർ മിനി ബെന്നി, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അക്ബർ അലി, ശാന്തി എന്നിവരായിരുന്നു അവതാരകർ. ലാലേട്ടൻ ആരാധകരും സിനിമാ പ്രേമികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ഷോയ്ക്ക് സാക്ഷ്യം വഹിക്കാൻ എത്തിയത്.
ഷഫീക്ക് അറയ്ക്കൽ






