വന്‍ ഫീച്ചര്‍ അപ്‌ഡേറ്റുകളോടെ 160 സിസി സെഗ്മെന്റില്‍ തരംഗം സൃഷ്ടിക്കാനായി ബജാജ് പള്‍സര്‍ N160 മോട്ടോര്‍സൈക്കിളിന്റെ പുത്തന്‍ വേരിയന്റ് എത്തി. മെച്ചപ്പെട്ട പെര്‍ഫോമന്‍സും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന ബ്രേക്കിംഗ് സംവിധാനവും ഒരുമിച്ച് ചേര്‍ത്താണ് ഈ പുതിയ പ്രീമിയം പതിപ്പ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഈ പുത്തന്‍ വേരിയന്റ് 1.22 ലക്ഷം രൂപയെന്ന ആകര്‍ഷകമായ എക്സ്-ഷോറൂം വിലയിലാണ് ബജാജ് വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നത്.
നിലവില്‍ വിപണിയിലുള്ള പള്‍സര്‍ N160 (bajaj Pulsar N160) ബൈക്കുകളുടെ പ്രാരംഭ വില 1.16 ലക്ഷം രൂപയാണ്. സിംഗിള്‍ ചാനല്‍ എബിഎസ്, ഡ്യുവല്‍ ചാനല്‍ എബിഎസ്, ഡ്യുവല്‍ ചാനല്‍ യുഎസ്ഡി, ഡ്യുവല്‍ ചാനല്‍ സ്പ്ലിറ്റ്-സീറ്റ് എന്നിങ്ങനെ നാല് വ്യത്യസ്ത പതിപ്പുകളിലാണ് പള്‍സര്‍ N160 സീരീസ് ഇപ്പോള്‍ ലഭ്യമാകുന്നത്. പുതിയ വേരിയന്റിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ മുന്‍ഭാഗത്ത് നല്‍കിയിരിക്കുന്ന മനോഹരമായ ഗോള്‍ഡ് ഫിനിഷുള്ള അപ്സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകളാണ്. ലോവര്‍ ട്രിമ്മുകളില്‍ കാണുന്ന സാധാരണ ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍ യൂണിറ്റുകള്‍ക്ക് പകരമായാണ് കമ്പനി ഈ പ്രീമിയം ഹാര്‍ഡ്വെയര്‍ നല്‍കിയിട്ടുള്ളത്.
സുരക്ഷിതമായ റൈഡുകള്‍ക്കായി ഡ്യുവല്‍-ചാനല്‍ എബിഎസ് (ABS) സംവിധാനത്തോടൊപ്പം സ്ലിപ്പര്‍ ആന്‍ഡ് അസിസ്റ്റ് ക്ലച്ചും (Slipper Clutc) ഈ വേരിയന്റില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ഡ് ബ്രേക്കിംഗിലും പെട്ടെന്ന് ഗിയര്‍ ഡൗണ്‍ ഷിഫ്റ്റ് ചെയ്യുമ്പോഴും റിയര്‍ വീല്‍ തെന്നിമാറുന്നത് തടയാന്‍ സ്ലിപ്പര്‍ ക്ലച്ച് സാങ്കേതികവിദ്യ ബൈക്ക് റൈഡര്‍മാരെ സഹായിക്കും. രാത്രികാല യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ശക്തമായ എല്‍ഇഡി (LED) പ്രൊജക്ടര്‍ ഹെഡ്‌ലാമ്പും ഈ പുത്തന്‍ പതിപ്പില്‍ ബജാജ് ഓട്ടോ നല്‍കിയിട്ടുണ്ട്.
റൈഡിനിടയില്‍ മൊബൈല്‍ ഫോണുകള്‍ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി ടൈപ്പ്-സി (USB Type C) ചാര്‍ജിംഗ് പോര്‍ട്ടും ഈ മോട്ടോര്‍സൈക്കിളില്‍ ലഭ്യമാക്കിയിട്ടുണ്ട്. സാധാരണ മോഡലുകളില്‍ കാണുന്ന സ്പ്ലിറ്റ്-സീറ്റ് ലേഔട്ടിന് പകരമായി പള്‍സര്‍ N160 ബൈക്കിന്റെ ഈ പുതിയ വേരിയന്റില്‍ സിംഗിള്‍-പീസ് സീറ്റ് സജ്ജീകരണമാണ് കമ്പനി നല്‍കിയിരിക്കുന്നത്. ട്യൂബ്ലെസ് ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളിലാണ് ഈ ബൈക്ക് ഓടുന്നത്. മെച്ചപ്പെട്ട ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും അതോടൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയൊരുക്കുന്നു.
പുതിയ പള്‍സര്‍ N160 വേരിയന്റ് പേള്‍ മെറ്റാലിക് വൈറ്റ്, റേസിംഗ് റെഡ്, ഗ്രേ, ബ്രൂക്ലിന്‍ ബ്ലാക്ക് എന്നിങ്ങനെ നാല് ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളിലാണ് വാങ്ങാനാകുക. അത്യാധുനികമായ നെഗറ്റീവ് എല്‍സിഡി (LED) ഡിസ്‌പ്ലേയോട് കൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഈ ബൈക്കില്‍ റൈഡിംഗ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി നല്‍കിയിട്ടുള്ളത്. പള്‍സര്‍ N160 സീരീസിന്റെ ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് സംവിധാനവും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും (Turn-by-turn navigation) ലഭ്യമാണ്. കൂടാതെ വിവിധ റൈഡ് മോഡുകളും ഇതിലുണ്ട്.






