
ദോഹ: പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യങ്ങൾക്കും നിലവിലെ പ്രതിസന്ധികൾക്കും വേഗത്തിൽ പരിഹാരം കാണുമെന്ന പ്രതീക്ഷയാണ് പ്രവാസി കാര്യവകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുത്ത തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളിൽ നിയമസഭയ്ക്കകത്തും പുറത്തും എപ്പോഴും സജീവമായി ഇടപെടുന്ന വി.ഡി. സതീശൻ ഈ വലിയ ഉത്തരവാദിത്വം കൈക്കൊണ്ടത് ആഗോള മലയാളി സമൂഹത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ മണ്ണിൽ കഴിയുന്ന മലയാളികളായ പ്രവാസികളുടെ തൊഴിൽ പ്രതിസന്ധി, നിയമക്കുരുക്കുകൾ, പുനരധിവാസം, നാട്ടിലേക്കുള്ള മടക്കം, സങ്കീർണ്ണമായ ഇൻഷുറൻസ്-ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്ന നിർണായക ഘട്ടമാണിത്. ഈ സാഹചര്യത്തിൽ പ്രവാസി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിന് സാധിക്കുമെന്നാണ് പ്രവാസ ലോകത്തിന്റെ പ്രതീക്ഷ. കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളുടെ പുനരധിവാസത്തിലും ക്ഷേമത്തിലും സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള വികസന പ്രവർത്തനങ്ങൾ പുതിയ സർക്കാർ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികൾ അറിയിച്ചു.
ഷഫീക്ക് അറയ്‌ക്കൽ






