
ടാറ്റ മോട്ടോര്‍സ് (Tata Motors)വരും മാസങ്ങളില്‍ നിരവധി പുതിയതും പരിഷ്‌കരിച്ചതുമായ മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ഈ നിരയില്‍ നിന്നും ആദ്യമായി വിപണിയിലെത്തുന്നത് രാജ്യത്തെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെ ഫെയ്സ്ലിഫ്റ്റ് (Tatat Tiago Facelift) പതിപ്പാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുത്തന്‍ ടിയാഗോ മോഡല്‍ മെയ് 28-ന് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും. നിലവില്‍ ടാറ്റ ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ ആണ് ടിയാഗോ.
പുത്തന്‍ ഡാഷ്‌ബോര്‍ഡ് ലേഔട്ടും ഗ്ലോസ് ബ്ലാക്ക് ഘടകങ്ങള്‍ നിറഞ്ഞ സെന്റര്‍ കണ്‍സോളും ഇതിലുണ്ടാകും. ഇന്‍ഫോടെയ്ന്‍മെന്റിനായി വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയേക്കും. കൂടാതെ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച് അടിസ്ഥാനമാക്കിയുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ ബട്ടണുകളും ക്യാബിനില്‍ ഇടംപിടിക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രീമിയം അനുഭവം സമ്മാനിക്കുന്നതിനായി ആംബിയന്റ് ലൈറ്റിംഗ്, മെച്ചപ്പെട്ട സൗണ്ട് സിസ്റ്റം, പുതിയ അപ്‌ഹോള്‍സ്റ്ററി എന്നിവയും ഉണ്ടാകും. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 360-ഡിഗ്രി ക്യാമറ സംവിധാനവും ഈ ബജറ്റ് കാറില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
മിഡ്-ലൈഫ് ഫെയ്സ്ലിഫ്റ്റ് ആയതിനാല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മാറ്റങ്ങളുണ്ടാകില്ല. നിലവിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് റെവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ തന്നെ പുതിയ മോഡലിലും തുടര്‍ന്നേക്കും. പരമാവധി 86 PS പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി (AMT) ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതോടൊപ്പം വിപണിയില്‍ വന്‍ വിജയമായ സിഎന്‍ജി പതിപ്പും ടിയാഗോയി തുടരും. സിഎന്‍ജി മോഡില്‍ 75.5 PS പവറും 96.5 Nm ടോര്‍ക്കും നല്‍കുന്ന ഈ കാറില്‍ കമ്പനിയുടെ പേറ്റന്റ് ഉള്ള ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയാണ് ഉള്ളത്. ഇന്ത്യയില്‍ സിഎന്‍ജി എഞ്ചിനോടൊപ്പം എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്ന അപൂര്‍വ്വം കാറുകളിലൊന്നാണ് ടിയാഗോ.






