
വാഷിങ്‌ടണ്‍: യു.എസിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം പുറത്തുവിട്ട ഏറ്റവും പുതിയ യു.എഫ്.ഒ(പറക്കും തളിക) ഫയലുകളില്‍ അപ്പോളോ 12 പേടകത്തിലെ യാത്രക്കാരുടെ ശബ്‌ദരേഖ പുറത്ത്. 46 രഹസ്യ വീഡിയോകള്‍ അടങ്ങുന്ന യു.എഫ്.ഒ ഫയലുകളാണ് ഇന്നലെ ട്രംപ് ഭരണകൂടം പുറത്തുവിട്ടത്.
ഇതില്‍ ഒരു ഫയലില്‍, അപ്പോളോ 12 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളായ പീറ്റ് കോണ്‍റാഡ്, റിച്ചാര്‍ഡ് ഗോര്‍ഡന്‍, അലന്‍ ബീന്‍ എന്നിവര്‍ ഉറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ നിഗൂഢമായ പ്രകാശ തിളക്കങ്ങളും വരകളും കണ്ടതായി വിവരിക്കുന്ന ഒരു മെഡിക്കല്‍ ഡിബ്രീഫിങ്ങിന്റെ (ദൗത്യത്തിന് ശേഷമുള്ള ഔദ്യോഗിക വിലയിരുത്തല്‍) ശബ്‌ദരേഖ കേള്‍ക്കാം.
എന്നാല്‍, ബഹിരാകാശ സഞ്ചാരികള്‍ റിപ്പോര്‍ട്ട് ചെയ്‌ത ഈ പ്രതിഭാസം പുറത്തുനിന്നുള്ള പ്രകാശ സ്രോതസ്സുകള്‍ മൂലമെല്ലന്നും, മറിച്ച് അവരുടെ കാഴ്‌ചയിലുണ്ടായ ആന്തരിക പ്രതിഫലനങ്ങള്‍ മാത്രമാണെന്നും നാസ പിന്നീട് വിലയിരുത്തി. യു.എ.പി (വിചിത്ര ആകാശ പ്രതിഭാസങ്ങള്‍) സംബന്ധിച്ച് പൂര്‍ണമായ 'സുതാര്യത' ഉറപ്പാക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്‌തമാക്കിയിരുന്നു.
അന്യഗ്രഹ സാങ്കേതികവിദ്യകളിലേക്ക് യു.എസ്. ഗവണ്‍മെന്റിനോ സ്വകാര്യ വ്യവസായ മേഖലയ്‌ക്കോ എപ്പോഴെങ്കിലും പ്രവേശനം ലഭിച്ചിട്ടുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണു പെന്റഗണിന്റെ നിലപാട്.


