ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടില്‍നിന്ന് ഇന്ത്യന്‍ സൈനിക, അര്‍ധസൈനിക നീക്കങ്ങള്‍ പാകിസ്താനിലെ ഹാന്‍ഡ്ലര്‍മാരുമായി പങ്കുവച്ചുവെന്നു സംശയിക്കുന്ന ചാരശൃംഖല പൊളിച്ചടുക്കി പോലീസ്. ശൃംഖലയിലെ ഒരാളെ അറസ്റ്റ് ചെയ്തു.
ചക്ക് ധരിവാള്‍ ഗ്രാമക്കാരനായ ബല്‍ജിത് സിങ് എന്ന ബിട്ടു ആണ് അറസ്റ്റിലായത്. സൈന്യത്തിന്റെയും അര്‍ധസൈനിക സേനയുടെയും നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി നാഷണല്‍ ഹൈവേ-44 ലെ പത്താന്‍കോട്ട്-ജമ്മു സ്ട്രെച്ചിലെ ഒരു കടയില്‍ ഇയാള്‍ സിസി ടിവി ക്യാമറ സ്ഥാപിച്ചിരുന്നതായി പോലീസ് കണ്ടെത്തി. പാകിസ്താനിലും വിദേശത്തുമുള്ള പ്രവര്‍ത്തകര്‍ക്ക് ഇലക്ട്രോണിക് രീതിയില്‍ നിരീക്ഷണ ഫീഡ് കൈമാറുന്നതിനായിരുന്നു ഇത്. ചോദ്യംചെയ്യലില്‍, ജനുവരിയില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സിസി ടിവി ക്യാമറ സ്ഥാപിച്ചതായി സിങ് സമ്മതിച്ചു. ദുബായിലെ അജ്ഞാതനില്നിന്നും സിങ്ങിന് സമയാസമയം നിര്‍ദേശങ്ങള്‍ ലഭിച്ചു. 40,000 രൂപയും കിട്ടി. സിങ്ങിന്റെ പക്കല്‍നിന്ന് പോലീസ് സി.സി.ടിവി ക്യാമറയും ഇന്റര്‍നെറ്റ് വൈഫൈ റൂട്ടറും കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടി. സംഭവത്തില്‍ സുജന്‍പൂര്‍ പോലീസ് നാല് പേര്‍ക്കെതിരേ കേസെടുത്തു.ബല്‍ജിത് സിങ്ങിനെ കൂടാതെ, വിക്ക എന്ന വിക്രംജിത് സിങ്, വിക്കി എന്ന ബല്‍വീന്ദര്‍ സിങ്, തന്നു എന്ന തരണ്‍പ്രീത് സിങ് എന്നിവര്‍ക്കെതിരേയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ ക്രിമിനല്‍, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.പാക് ചാര ഏജന്‍സിയായ ഐ.എസ്.ഐ പിന്തുണയുള്ള രണ്ട് ചാര മൊഡ്യൂളുകള്‍ പഞ്ചാബ് പോലീസ് കഴിഞ്ഞ മാസം പിടികൂടിയിരുന്നു. തന്ത്രപ്രധാനമായ സൈനിക സ്ഥലങ്ങളുടെ തത്സമയ ഫീഡുകള്‍ പാകിസ്താനിലുള്ള ഹാന്‍ഡ്ലര്‍മാര്‍ക്ക് കൈമാറാന്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് നിര്‍മിത ഹൈടെക് സിസി ടിവി ക്യാമറകളാണ് ഈ സംഘം ഉപയോഗിച്ചിരുന്നത്. ജലന്ധറിലെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു.
ഇയാളുടെ പക്കല്‍നിന്ന് ചൈനീസ് നിര്‍മിത സിസി ടിവി ക്യാമറയും 4ജി കണക്റ്റിവിറ്റിയുള്ള യു.എസ്.ബി-കണക്റ്റഡ് സോളാര്‍ പ്ലേറ്റും കണ്ടെടുത്തിരുന്നു. ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്നു നടത്തിയ ഓപ്പറേഷനില്‍ കപുര്‍ത്തല പോലീസ് മറ്റൊരു മൊഡ്യൂളും പൊളിച്ചടുക്കുകയുണ്ടായി. രണ്ട് പേര് ഇതില്‍ അറസ്റ്റിലായി. വിദേശ ഹാന്‍ഡ്ലര്‍മാരുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ച സംവിധാനങ്ങളും കണ്ടെടുത്തു.




