ന്യൂഡല്‍ഹി/മുംബൈ: നീറ്റ് യു.ജി. ചോദ്യച്ചോര്‍ച്ച കേസില്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കളും സി.ബി.ഐയുടെ നിരീക്ഷണത്തില്‍. മക്കള്‍ക്കുവേണ്ടി ചോദ്യപേപ്പര്‍ പണം കൊടുത്തു വാങ്ങി പിന്‍വാതില്‍ പ്രവേശനത്തിനു ശ്രമിച്ച മാതാപിതാക്കളെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു തുടങ്ങി.
മകനുവേണ്ടി 12 ലക്ഷം രൂപ നല്കി ചോദ്യപേപ്പര്‍ വാങ്ങിയ മഹാരാഷ്ട്രയിലെ പ്രമുഖ ഡോക്ടറെ സി.ബി.ഐ. അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. ലാത്തൂരിലെ മുതിര്‍ന്ന ശിശുരോഗവിദഗ്ധനായ ഡോ. മനോജ് ഷിരൂരെയെയാണ് സി.ബി.ഐ. ചോദ്യംചെയ്തത്. മകനുവേണ്ടി ഡോ. മനോജ് ഷിരൂരെ 12 ലക്ഷം രൂപ നല്കി ചോദ്യപേപ്പര്‍ വാങ്ങിയെന്നാണു സി.ബി.ഐയുടെ കണ്ടെത്തല്‍. ചോര്‍ന്നുകിട്ടിയ ചോദ്യപേപ്പര്‍ നാല് വ്യത്യസ്ത ആശുപത്രികളിലെ അഞ്ചു ഡോക്ടര്‍മാര്‍ക്കും തന്റെ ബന്ധുക്കള്‍ക്കും ഡോ. മനോജ് അയച്ചുകൊടുക്കുകയും ചെയ്തു. ഇത്തരത്തില്‍ ചോദ്യപേപ്പര്‍ ലഭിച്ചവര്‍ സി.ബി.ഐയുടെ നിരീക്ഷണത്തിലാണ്. ഡോ. മനോജിന്റെ ഭാര്യ, ബന്ധുവായ ഡോ. പ്രമോദ് എന്നിവരെയും സി.ബി.ഐ. ചോദ്യംചെയ്യും.
ഡോ. മനോജിനെ സി.ബി.ഐ. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ തെളിവകള്‍, മറ്റു രേഖകള്‍ എന്നിവയും അന്വേഷണസംഘം പിടിച്ചെടുത്തു. അതേസമയം, കേസില്‍ ഡോ. മനോജ് മാപ്പുസാക്ഷിയായേക്കുമെന്നാണ് സി.ബി.ഐ. വൃത്തങ്ങള്‍ നല്കുന്ന സൂചന. ചോദ്യപേപ്പര്‍ റാക്കറ്റിന്റെ പ്രവര്‍ത്തനരീതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഡോ. മനോജ് മുഖേനെ കോടതിയുടെ മുന്നിലെത്തിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍.
അതേസമയം, ഫിസിക്സ് ചോദ്യച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് യുവതി അറസ്റ്റിലായി. പൂനെയിലെ 'സേത്ത് ഹീരാലാല്‍ സറഫ് പ്രശാല'യില്‍ ജീവനക്കാരിയായ മനീഷ സഞ്ജയ് ഹവില്‍ദാര്‍ ആണ് പിടിയിലായത്. നീറ്റ് പരീക്ഷാ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) മനീഷയെ സബ്ജക്ട് എക്സ്പെര്‍ട്ട് (വിദഗ്ദ്ധ) ആയി നിയമിച്ചിരുന്നു. ഇത് വഴി ഇവര്‍ക്ക് ഫിസിക്സ് ചോദ്യപേപ്പറുകള്‍ പൂര്‍ണമായി പരിശോധിക്കാനുള്ള അനുമതി ലഭിച്ചിരുന്നതായി സി.ബി.ഐ വ്യക്തമാക്കി. ഫിസിക്സ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നില്‍ മനീഷയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.




