
ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: ആക്ഷേപഹാസ്യ സമീപനത്തോടെ ഇന്ത്യയില്‍ ആരംഭിച്ച വൈറല്‍ കോക്രോച്ച് മൂവ്‌മെന്റിന്റെ പ്രഭാവം അതിര്‍ത്തി കടന്ന് പാകിസ്‌താനിലും. മേയ് 16 ന് ആരംഭിച്ച ഉടന്‍ തന്നെ ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായി മാറിയ ഇന്ത്യയുടെ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി)യുടെ മാതൃകയില്‍ പാകിസ്‌താനില്‍ നാമ്പെടുത്തത് സമാനമായ ഒട്ടേറെ പ്ലാറ്റ്‌ഫോമുകള്‍.
കോക്രോച്ച് അവാമി പാര്‍ട്ടി, കോക്രോച്ച് അവാമി ലീഗ്, മുത്തഹിദ കോക്രോച്ച് മൂവ്‌മെന്റ് എന്നിങ്ങനെ പാകിസ്‌താനില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പതിപ്പുകള്‍ പലതുണ്ട്.
'യുവാക്കളാല്‍, പാകിസ്‌താനുവേണ്ടി ഒരു രാഷ്‌ട്രീയ മുന്നണി' എന്നാണ് കോക്രോച്ച് അവാമി പാര്‍ട്ടിയുടെ ബയോയില്‍ എഴുതിയിരിക്കുന്നത്.ഭരണസംവിധാനങ്ങള്‍ വെറും പാറ്റകളെ പോലെ കണ്ട ആളുകളുടെ ശബ്‌ദമാണ് ഞങ്ങള്‍ എന്നാണ് സമാനമായ മറ്റൊരു അക്കൗണ്ടിന്റെ ബയോയില്‍.ഈ പേജുകളുടെ ലോഗോ ഇന്ത്യന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി ലോഗോയെ പ്രതിഫലിപ്പിക്കുന്നു. പക്ഷേ, പച്ചയും വെള്ളയും നിറങ്ങളിലുള്ളതാണ് കളര്‍ സ്‌കീം. ഇമ്രാന്‍ ഖാന്റെ പാകിസ്‌താന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ), പാകിസ്‌താന്‍ മുസ്ലീം ലീഗ്-നവാസ് (പി.എം.എല്‍-എന്‍), പാകിസ്‌താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) തുടങ്ങിയ രാഷ്‌ട്രീയ ശക്‌തികള്‍ക്ക് വ്യതിരിക്‌ത ബദലായാണ് ഈ പ്ലാറ്റ്‌ഫോമുകളെ അവതരിപ്പിച്ചിരിക്കുന്നതും. ശാഠ്യമുള്ള, കൊല്ലാന്‍ പ്രയാസമുള്ള, വേഗത്തില്‍ പെരുകുന്ന പ്രാണി എന്ന അര്‍ഥത്തിലാണ് ഇന്ത്യയിലെ ആക്ഷേപഹാസ്യ കൂട്ടായ്‌മ ഈ പേരില്‍ തുടങ്ങിയത്. ഒരു ആഴ്‌ചയ്‌ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ഓണ്‍ലൈന്‍ ഫോളോവേഴ്‌സിനെ ഇത് ആകര്‍ഷിച്ചു.




