
കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ പച്ചപ്പിന്റെ പ്രതീകമായി നിലകൊള്ളുന്ന മൂന്നാര്‍ ഇന്ന് മറ്റൊരു കാരണത്താല്‍ വാര്‍ത്തകളില്‍ നിറയുകയാണ്. പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കു നേരേയുള്ള ആക്രമണങ്ങളും അതിക്രമങ്ങളും ആവര്‍ത്തിക്കപ്പെടുന്നത് കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്കുതന്നെ വലിയ അപമാനമായി മാറിക്കൊണ്ടിരിക്കുന്നു. അടുത്തിടെ ടോപ്പ് സ്‌റ്റേഷനില്‍ സ്‌ത്രീകളും കുട്ടികളും അടങ്ങിയ വിനോദസഞ്ചാര സംഘത്തിനു നേരേയുണ്ടായ ക്രൂരമായ ആക്രമണം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ചെറിയ വാക്കുതര്‍ക്കങ്ങളില്‍നിന്ന് തുടങ്ങി കൂട്ടത്തല്ലിലേക്കും വാഹനനശീകരണത്തിലേക്കും എത്തുന്ന ഇത്തരം സംഭവങ്ങള്‍ ഏറി വരുന്നു.
കേരളത്തിന്റെ സമ്പദ്‌വ്യവസ്‌ഥയില്‍ ടൂറിസത്തിനു വലിയ പങ്കുണ്ട്. ആയിരക്കണക്കിനു കുടുംബങ്ങളാണ് വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടാക്‌സി സര്‍വീസുകള്‍, വഴിയോര വ്യാപാരികള്‍, ഗൈഡുമാര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി അനേകം തൊഴിലാളികളുടെ ജീവിതമാണ് സഞ്ചാരികളുടെ വരവിനോടു ചേര്‍ന്ന് നില്‍ക്കുന്നത്. അത്തരമൊരു മേഖലയെ തകര്‍ക്കുന്ന തരത്തില്‍ ആവര്‍ത്തിച്ചു നടക്കുന്ന ആക്രമണങ്ങള്‍ സ്വന്തം അന്നം മുറിക്കുന്ന പ്രവൃത്തികളാണ്.
ഒരു വിനോദസഞ്ചാരി ഒരു സ്‌ഥലത്തേക്കു പോകാന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം പരിഗണിക്കുന്നത് സുരക്ഷയാണ്. മൂന്നാറില്‍ പോയാല്‍ ആക്രമിക്കപ്പെടാംഎന്ന ധാരണ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമാകുമ്പോള്‍ അതിന്റെ ആഘാതം വന്‍തോതിലായിരിക്കും. ഇന്നത്തെ കാലത്ത് ഒരു വീഡിയോ മതി, ഒരു വിനോദസഞ്ചാരകേന്ദ്രത്തിന്റെ പ്രതിച്‌ഛായ തകര്‍ന്നുപോകാന്‍. ഇതിനകം തന്നെ മൂന്നാറില്‍ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. ഇതോടെ കേരളം സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമെന്ന പേരിനും മങ്ങലേല്‍ക്കുകയാണ്.
പ്രശ്‌നത്തിന്റെ ഏറ്റവും ആശങ്കാജനകമായ വശം, നിസാര കാര്യങ്ങളാണ് പലപ്പോഴും അക്രമത്തിലേക്ക് നയിക്കുന്നത് എന്നതാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്, സൈഡ് കൊടുക്കാത്തത്, പാട്ട് വച്ചത്, വാഹനം ഉരസിയത്, മുറിയെടുക്കാന്‍ വിസമ്മതിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പോലും ആക്രമണത്തിന് കാരണമാകുന്നു. പലപ്പോഴും വിനോദസഞ്ചാരികള്‍ സമയം നഷ്‌ടപ്പെടുമെന്ന ഭയത്താലോ അപമാനം ഒഴിവാക്കാനോ പരാതി നല്‍കാതെ മടങ്ങുകയാണ്. അതാണ് ഇത്തരം ഗുണ്ടാസംഘങ്ങള്‍ക്ക് കൂടുതല്‍ ധൈര്യം പകരുന്നത്.
ഇവിടെ അധികാരികളുടെ ഉത്തരവാദിത്വം വലുതാണ്. ടൂറിസം കേന്ദ്രങ്ങളില്‍ സ്‌ഥിരം പോലീസ് സാന്നിധ്യം ഉറപ്പാക്കണം. പ്രത്യേകിച്ച് ടോപ്പ് സ്‌റ്റേഷന്‍ പോലുള്ള അതീവ തിരക്കേറിയ പ്രദേശങ്ങളില്‍ ടൂറിസ്‌റ്റ് പോലീസ് സംവിധാനം ശക്‌തമാക്കേണ്ടത് അനിവാര്യമാണ്. സി.സി. ടിവി നിരീക്ഷണം, അടിയന്തര സഹായ കേന്ദ്രങ്ങള്‍, ദ്രുത പ്രതികരണ സംഘം എന്നിവ സജ്‌ജമാക്കണം. വിനോദസഞ്ചാരികളെ ആക്രമിക്കുന്നവര്‍ക്കെതിരേ മാതൃകാപരമായ കര്‍ശന ശിക്ഷ ഉറപ്പാക്കുകയും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയും വേണം. ആക്രമിച്ചാല്‍ രക്ഷപ്പെടാം എന്ന ധാരണ പൂര്‍ണമായും ഇല്ലാതാക്കേണ്ടതുണ്ട്.
അതുപോലെ തന്നെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്കും ൈഡ്രവര്‍മാര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും പെരുമാറ്റച്ചട്ടങ്ങളും ബോധവല്‍ക്കരണ പരിശീലനങ്ങളും നിര്‍ബന്ധമാക്കണം. വിനോദസഞ്ചാരികള്‍ ഉപഭോക്‌താക്കള്‍ മാത്രമല്ല, നാട്ടിന്റെ അതിഥികളാണെന്ന ബോധം വളര്‍ത്തേണ്ടതുണ്ട്. വിനോദസഞ്ചാരികളെ മാന്യമായി സ്വീകരിക്കുന്ന സംസ്‌കാരമാണ് കേരളത്തിന്റെ യഥാര്‍ത്ഥ മുഖം. അതിനെ തകര്‍ക്കാന്‍ അനുവദിക്കരുത്.
സഞ്ചാരികള്‍ക്കും ഉത്തരവാദിത്വമുണ്ട്. പ്രാദേശിക നിയമങ്ങളും സാമൂഹിക മര്യാദകളും പാലിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, നിയമലംഘനം നടന്നാലും അതിനു മറുപടിയായി കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല. നിയമം കൈയിലെടുക്കുന്ന പ്രവണത സമൂഹത്തിന് തന്നെ അപകടകരമാണ്.
കേരളം ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സ്വന്തമായൊരു സ്‌ഥാനം നേടിയെടുത്തത് അതിന്റെ പ്രകൃതിസൗന്ദര്യം കൊണ്ടു മാത്രമല്ല, അതിഥിസല്‍ക്കാരത്തിന്റെ മഹത്വം കൊണ്ടുകൂടിയാണ്. ആ വിശ്വാസം തകരാന്‍ അനുവദിച്ചാല്‍ നഷ്‌ടമാകുന്നത് വിനോദസഞ്ചാരികളുടെ വരവ് മാത്രമല്ല; കേരളത്തിന്റെ സാംസ്‌കാരിക പ്രതിച്‌ഛായയും സാമ്പത്തിക സുരക്ഷയും കൂടിയായിരിക്കും. അതുകൊണ്ടു തന്നെ മൂന്നാറില്‍ ആവര്‍ത്തിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ സര്‍ക്കാര്‍, പോലീസ്, നാട്ടുകാര്‍, ടൂറിസം മേഖലയിലുള്ളവര്‍, പൊതുസമൂഹം എന്നിവരൊക്കെയും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. വിനോദസഞ്ചാരികളെ ഭയപ്പെടുത്തുന്ന നാടല്ല, സ്വാഗതം ചെയ്യുന്ന നാടാണ് കേരളമെന്ന സന്ദേശം പ്രവൃത്തിയിലൂടെ തെളിയിക്കേണ്ടത് ഇപ്പോള്‍ അത്യാവശ്യമാണ്.





