ന്യൂഡല്‍ഹി: വംശീയ സംഘര്‍ഷങ്ങളും സുരക്ഷാ വെല്ലുവിളികളും തുടരുന്ന മണിപ്പുരില്‍ ഭരണപരമായ വന്‍ അഴിച്ചുപണി. സംസ്‌ഥാനത്തെ പുതിയ പോലീസ് മേധാവിയായി മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്‌ഥന്‍ മുകേഷ് സിങ്ങിനെ നിയമിച്ചു.
നിലവിലെ മണിപ്പുര്‍ ഡിജിപിയായ രാജീവ് സിങ്ങിനെ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി (സെക്യൂരിറ്റി) ആയും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.
എ.ജി.എം.യു.ടി കേഡറിലെ 1996 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്‌ഥനായ മുകേഷ് സിങ് നിലവില്‍ ലഡാക്ക് ഡി.ജി.പിയാണ്. ഐ.ഐ.ടി ഡല്‍ഹിയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ഇദ്ദേഹത്തിന് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തന പരിചയമുണ്ട്. എന്‍.ഐ.എയിലും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
എ.ജി.എം.യു.ടി കേഡറില്‍നിന്ന് മണിപ്പുര്‍ കേഡറിലേക്ക് അന്തര്‍-കേഡര്‍ ഡെപ്യൂട്ടേഷന്‍ വഴിയാണ് മുകേഷ് സിങ്ങിന്റെ നിയമനം. മൂന്ന് വര്‍ഷത്തെ കാലാവധിയിലേക്കാണ് നിയമനമെന്ന് അപ്പോയിന്റ്‌മെന്റ് കമ്മിറ്റി ഓഫ് ദി കാബിനറ്റ് വ്യക്‌തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം പുറത്തിറക്കി. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി 'പ്രത്യേക കേസ്' ആയി പരിഗണിച്ചാണ് ഈ നിയമനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. മണിപ്പുരില്‍ വംശീയ സംഘര്‍ഷങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മുകേഷ് സിങ്ങിന്റെ നിയമനത്തിന് അതീവ പ്രാധാന്യമുണ്ട്.
ത്രിപുര കേഡറിലെ 1993 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്‌ഥനായ നിലവിലെ ഡി.ജി.പി രാജീവ് സിങ്, 2023 ജൂണ്‍ ഒന്നിനാണ് മണിപ്പുര്‍ പോലീസ് മേധാവിയായി ചുമതലയേറ്റത്. മെയ്‌തേയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപം രൂക്ഷമായ ഘട്ടത്തില്‍ അന്നത്തെ പോലീസ് മേധാവി പി. ദുംഗലിന് പകരക്കാരനായാണ് രാജീവ് സിങ് മണിപ്പുരില്‍ എത്തിയത്.





