ന്യൂഡല്‍ഹി: റെയില്‍വേ, ബാങ്കിങ്, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഉത്തരവാദിത്വമേറ്റെടുത്ത്, വികസിതഭാരതം കെട്ടിപ്പടുക്കുന്നതില്‍ യുവാക്കള്‍ക്ക് മുഖ്യപങ്ക് വഹിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 19-ാം തൊഴില്‍ (റോസ്‌ഗര്‍) മേളയോടനുബന്ധിച്ച് 51,000-ല്‍ ഏറെ ഉദ്യോഗാര്‍ഥികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന സര്‍ക്കാര്‍ ജോലികളില്‍ നിയമന ഉത്തരവ് വിതരണം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പുതുതായി നിയമനം ലഭിച്ചവരെല്ലാം ഇനി രാജ്യത്തിന്റെ വികസനയാത്രയില്‍ ഉത്തരവാദിത്വമുള്ള പങ്കാളികളാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ യുവത്വത്തെയും സാങ്കേതികപുരോഗതിയേയും ലോകം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. അടുത്തിടെ നടത്തിയ വിദേശപര്യടനത്തില്‍ വിവിധ രാജ്യത്തലവന്‍മാരുമായി ചര്‍ച്ച നടത്തിയപ്പോള്‍ തനിക്കതു ബോധ്യപ്പെട്ടു.
ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ മിക്ക രാജ്യങ്ങളും ആഗ്രഹിക്കുന്നു. ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് രാജ്യാന്തര സ്വീകാര്യത ലഭിക്കണമെന്നാണ് തന്റെ ആഗ്രഹം. വിദേശരാജ്യങ്ങളും രാജ്യാന്തര കമ്പനികളുമായി ഇന്ത്യയുടെ ബന്ധം വളരുന്നത് യുവാക്കള്‍ക്കു പുതിയ അവസരങ്ങള്‍ തുറന്നുനല്‍കും. ഇന്ത്യയിലെ ടാറ്റാ കമ്പനിയുമായി നെതര്‍ലന്‍ഡ്‌സിലെ സെമികണ്ടക്‌ടര്‍ കമ്പനി എ.എസ്.എം.എല്‍. കരാര്‍ ഒപ്പിട്ടത് അപൂര്‍വമായൊരു പങ്കാളിത്തമാണ്. ഇതുപോലെയുള്ള കരാറുകളിലൂടെ യുവാക്കള്‍ക്കു തൊഴിലവസരം ലഭിക്കുന്നതിനു പുറമേ പുതുതലമുറ സാങ്കേതികവിദ്യയിലേക്കുള്ള വാതായനവും തുറക്കപ്പെടും.
സ്വീഡനും യു.എ.ഇയുമായി സൂപ്പര്‍കമ്പ്യൂട്ടിങ്ങിലെ എ.ഐ, സാങ്കേതികപങ്കാളിത്തം സംബന്ധിച്ച കരാര്‍ ഇന്ത്യയുടെ സാങ്കേതികവിദ്യ ശേഷി ശക്‌തിപ്പെടുത്തും. ഹരിതസാങ്കേതികവിദ്യ, സാമുദ്രികസഹകരണം എന്നിവയില്‍ ഊന്നിയായിരുന്നു നോര്‍വേയുമായുള്ള ചര്‍ച്ച. പ്രതിരോധം, ധാതുക്കള്‍, ശാസ്‌ത്രം, സാങ്കേതികവിദ്യ എന്നിവ സംബന്ധിച്ച് ഇറ്റലിയുമായി നിര്‍ണായക കരാറുകള്‍ ഒപ്പിട്ടു. ഇതെല്ലാം ഇന്ത്യയിലെ യുവാക്കള്‍ക്കു നേരിട്ട് പ്രയോജനം ലഭിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.





