ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച ഓണ്‍ലൈന്‍ പ്രസ്ഥാനമായ കോക്രോച്ച് ജനതാ പാര്‍ട്ടി(സി.ജെ.പി)യുടെ ഔദ്യോഗിക വെബ്സൈറ്റും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നീക്കി. തന്റെ സ്വകാര്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും 'ഹാക്ക്' ചെയ്യപ്പെട്ടെന്നു സി.ജെ.പി. സ്ഥാപകന്‍ അഭിജീത് ദിപ്കെ പറഞ്ഞു. സര്‍ക്കാരിന്റേതു സ്വേച്ഛാധിപത്യ നടപടിയാണെന്നും ദിപ്കെ വിമര്‍ശിച്ചു.
' സര്‍ക്കാര്‍ എന്തിനാണ് പാറ്റകളെ ഇത്രയധികം ഭയപ്പെടുന്നത്? ഈ സ്വേച്ഛാധിപത്യ പെരുമാറ്റം ഇന്ത്യയിലെ യുവാക്കളുടെ കണ്ണുകള്‍ തുറപ്പിക്കും. മികച്ച ഭാവി ആവശ്യപ്പെട്ടുവെന്നതാണ് ഞങ്ങളുടെ ഒരേയൊരു കുറ്റം. പക്ഷേ നിങ്ങള്‍ക്ക് ഞങ്ങളെ അത്ര എളുപ്പത്തില്‍ ഒഴിവാക്കാന്‍ കഴിയില്ല. പാറ്റകള്‍ ഒരിക്കലും മരിക്കില്ല.'-ദിപ്കെ 'എക്സ്' പോസ്റ്റില്‍ പറഞ്ഞു.
വെബ്സൈറ്റ് വഴി 10 ലക്ഷം 'പാറ്റ'കള്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തതായും നീറ്റ്-യുജി 2026 ചോദ്യക്കടലാസ് ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആറു ലക്ഷം 'പാറ്റ'കള്‍ നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്നും ദിപ്കെ അവകാശപ്പെട്ടു.
ഇന്നലെ ഉച്ചയോടെ സി.ജെ.പി. ഇന്‍സ്റ്റഗ്രാമില്‍ 2.2 കോടി ഫോളോവേഴ്സ് കവിഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ബി.ജെ.പിക്ക് 92 ലക്ഷം, കോണ്‍ഗ്രസിന് 1.34 കോടി ഫോളോവേഴ്സാണുള്ളത്.
സീനിയര്‍ പദവി ആവശ്യപ്പെട്ട് ഒരു അഭിഭാഷകന് നല്കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നടത്തിയ 'പാറ്റകള്‍', 'പരാദജീവികള്‍' എന്നീ പരാമര്‍ശങ്ങളോടുള്ള പ്രതിഷേധമാണ് ഓണ്‍ലൈനില്‍ 'കോക്രോച്ച് ജനതാ പാര്‍ട്ടി'ക്കു തുടക്കമിട്ടത്.
'പാറ്റകളെപ്പോലെ ചില ചെറുപ്പക്കാരുണ്ട്. അവര്‍ക്കു ജോലിയോ തൊഴിലിടങ്ങളില്‍ സ്ഥാനമോ ഇല്ല. ചിലര്‍ മാധ്യമ, സാമൂഹിക മാധ്യമ പ്രവര്‍ത്തകരാകുന്നു. മറ്റു ചിലര്‍ വിവരാവകാശ പ്രവര്‍ത്തകരോ മറ്റ് ആക്ടിവിസ്റ്റുകളോ ആകുന്നു. അവര്‍ എല്ലാത്തിനെയും ആക്രമിക്കുന്നു.'-ചീഫ് ജസ്റ്റിസ് പറഞ്ഞു. തന്റെ വാക്കുകള്‍ തെറ്റായി ഉദ്ധരിച്ചതായി പിന്നീട് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് നിയമരംഗത്തേക്കു പ്രവേശിക്കുന്നവരെ മാത്രമാണു താന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മേയ് 15 ന് ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശത്തിന് ഒരു ദിവസത്തിന് ശേഷമാണ് കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. ഇത് അതിവേഗം വൈറലായി. നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും കലാകാരന്മാരും സി.ജെ.പിക്കു പിന്തുണ അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ് സമാജ്വാദി പാര്‍ട്ടി (എസ്പി) മേധാവി അഖിലേഷ് യാദവ്, സാമൂഹിക പ്രവര്‍ത്തകരായ പ്രശാന്ത് ഭൂഷണ്, അഞ്ജലി ഭരദ്വാജ് തുടങ്ങിയവര്‍ സി.ജെ.പിയെ പിന്തുണച്ചു.
സി.ജെ.പിയുടെ എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഡിജിറ്റല്‍ അവകാശ ഗ്രൂപ്പായ ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന് (ഐ.എഫ്.എഫ്.) രംഗത്തെത്തി. ഭരണകൂടത്തിന്റെ അധികാര ദുര്‍വിനിയോഗമാണിതെന്നും ഐ.എഫ്.എഫ്. കുറ്റപ്പെടുത്തി.




