കോയമ്പത്തൂര്‍/ചെന്നൈ: സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്കു പോയ പത്തുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടനിലയില്‍. കോയമ്പത്തൂരിലെ സുലൂരിലുള്ള കണ്ണമ്പാളയം തടാകത്തിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
സുലൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധസമരം നടത്തി. കൊലപാതകം ഞെട്ടലുളവാക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രതികരിച്ചു. കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
വീടിനു സമീപത്തെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടിയെ വ്യാഴാഴ്ച വൈകിട്ടാണു കാണാതായത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ തടാകത്തിനു സമീപത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അയല്‍വാസി കാര്‍ത്തിക്, ഇയാളുടെ സുഹൃത്ത് മോഹന്‍രാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സി.സി. ടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കുട്ടിയെ കാര്‍ത്തിക് കൂട്ടിക്കൊണ്ടുപോകുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ത്തിക്കിനെ ബലപ്രയോഗത്തിലൂടെയാണു പിടികൂടിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയുടെ കൈയും കാലും ഒടിഞ്ഞു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് കാര്‍ത്തിക് കുറ്റസമ്മതം നടത്തിയെന്നു പോലീസ് പറഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ സഹായി മോഹന്‍രാജിനെയും പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സുലൂരില്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രി വിജയിയുടെ ഉറപ്പ് ലഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു ബന്ധുക്കള്‍ വ്യക്തമാക്കി. തങ്ങള്‍ മാറ്റത്തിനാണു വോട്ട് ചെയ്തതെന്നും മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കുംവരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ വന്നശേഷവും ഒരു മാറ്റവും ഉണ്ടാകില്ലെന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് രംഗത്തെത്തിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി വിജയ് പറഞ്ഞു. കോയമ്പത്തൂരിലുണ്ടായ ദാരുണ സംഭവം ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നു. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണപുരോഗതി വിലയിരുത്താന്‍ ഡി.ജി.പി. സന്ദീപ് റായ് റാത്തോഡ് കോയമ്പത്തൂരിലെത്തി.
തമിഴ്നാട് മന്ത്രി എം.എസ്. സമ്പത്ത് ആശുപത്രിയിലെത്തി കുട്ടിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, വിഷയത്തില്‍ ടി.വി.കെ. സര്‍ക്കാരിനെ കടന്നാക്രമിച്ച് ഡി.എം.കെ. രംഗത്തെത്തി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം കഴിഞ്ഞ 12 ദിവസത്തിനിടെ സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വലിയതോതില്‍ വര്‍ധിച്ചതായി ഡി.എം.കെ. നേതാവും പ്രതിപക്ഷനേതാവുമായ ഉദയനിധി സ്റ്റാലിന് കുറ്റപ്പെടുത്തി.




