ന്യൂഡല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. വൈറ്റ്‌ഹൗസ് സന്ദര്‍ശിക്കാനുള്ള യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണം റൂബിയോയും യു.എസ്. അംബാസഡര്‍ സെര്‍ജിയോ ഗോറും ചേര്‍ന്നു പ്രധാനമന്ത്രിക്കു കൈമാറി.
റൂബിയോയെ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും 'ആഗോള നന്മ'യ്‌ക്കായി ഇന്ത്യയും യു.എസും അടുത്ത് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ-യു.എസ്. ബന്ധത്തിലെ പുരോഗതിയും പ്രാദേശിക, ആഗോള സുരക്ഷ സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചചെയ്‌തതായും അദ്ദേഹം 'എക്‌സി'ല്‍ പറഞ്ഞു. 26 വരെ ഇന്ത്യയില്‍ തുടരുന്ന മാര്‍കോ കൊല്‍ക്കത്ത, ആഗ്ര, ജയ്‌പുര്‍ എന്നീ നഗരങ്ങളും സന്ദര്‍ശിക്കും. ഊര്‍ജം, വ്യാപാരം, സുരക്ഷ, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളില്‍ സഹകരണം ശക്‌തമാക്കുന്നതിനായി ചര്‍ച്ച നടന്നെന്നു യു.എസ്. അംബാസഡര്‍ പറഞ്ഞു. ഇന്ത്യക്ക് ആവശ്യമുള്ള ഊര്‍ജം വില്‍ക്കാന്‍ യു.എസ്. തയാറാണെന്നു ഇന്ത്യയിലേക്കു പുറപ്പെടുംമുമ്പ് റൂബിയോ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. ചൊവ്വാഴ്‌ച ഡല്‍ഹിയില്‍ ക്വാഡ് വിദേശമന്ത്രിമാരുടെ യോഗത്തില്‍ റൂബിയോ പങ്കെടുക്കും.
ഇന്നലെ രാവിലെ കൊല്‍ക്കത്തയില്‍ എത്തിയ റൂബിയോ, വിദേശമന്ത്രി എസ്. ജയ്‌ശങ്കറുമായി കൂടക്കാഴ്‌ച നടത്തിയിരുന്നു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്‌ഥാനമായ മദര്‍ ഹൗസ് സന്ദര്‍ശിച്ച ശേഷമാണു റൂബിയോ ഡല്‍ഹിയിലേക്കു പറന്നത്.
ഇന്ന് എസ്. ജയ്‌ശങ്കറുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. യു.എസ്. എംബസിയുടെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്യും. സുരക്ഷ, വ്യാപാരം, ഊര്‍ജം, നിര്‍ണായക സാങ്കേതികവിദ്യകള്‍ എന്നിവയിലടക്കം സഹകരണം ശക്‌തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തും. പശ്‌ചിമേഷ്യന്‍ പ്രതിസന്ധിയും ഊര്‍ജ വിതരണത്തിലെ തടസവും വിഷയമാകും.
നാളെ ആഗ്രയിലേക്കും ജയ്‌പൂരിലേക്കും പോകുന്ന റൂബിയോ, ക്വാഡ് വിദേശമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ചൊവ്വാഴ്‌ച വീണ്ടും ഡല്‍ഹിയിലെത്തും. ക്വാഡ് സഹകരണം ശക്‌തമാക്കാനും നീക്കമുണ്ടാകും. ഇന്ത്യ, യു.എസ്., ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവയടങ്ങുന്ന സഖ്യമാണു ക്വാഡ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പിരിമുറുക്കം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദേശ സെക്രട്ടറി വിക്രം മിസ്രി അഞ്ച് ആഴ്‌ചകള്‍ക്കു മുമ്പ്‌് യു.എസ്. സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേലുള്ള തീരുവ വര്‍ധിപ്പിച്ചതും യു.എസിന്റെ പുതിയ കുടിയേറ്റ നയവും എച്ച് 1 ബി വിസ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനവും ഇന്ത്യ-യു.എസ്. ബന്ധത്തില്‍ വിള്ളല്‍ സൃഷ്‌ടിച്ചു.
എന്നാല്‍, ഭിന്നതകള്‍ പരിഹരിക്കാന്‍ ഇരുപക്ഷവും ശ്രമം നടത്തിയിരുന്നു. ഏപ്രില്‍ 14 ന് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും 40 മിനിറ്റ് ഫോണ്‍ സംഭാഷണം നടത്തി.




