വാഷിങ്‌ടണ്‍: താത്‌കാലിക വിസയുള്ള വിദേശപൗരന്മാര്‍ക്കു യു.എസില്‍ സ്‌ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ പുതിയ നയം. ഇതുപ്രകാരം, വിദേശപൗരന്മാരില്‍ മിക്കവര്‍ക്കും ഇനി സ്വന്തം രാജ്യത്തു മടങ്ങിച്ചെന്നശേഷമേ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാനാകൂ.
മുമ്പ് വിദ്യാര്‍ഥി, ടൂറിസ്‌റ്റ്, തൊഴില്‍ വിസയുള്ളവര്‍ക്ക് അമേരിക്കയില്‍ തുടര്‍ന്നുകൊണ്ടുതന്നെ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാമായിരുന്നു. 'അഡ്‌ജസ്‌റ്റ്‌മെന്റ് ഓഫ് സ്‌റ്റാറ്റസ്' (എ.ഒ.എസ്) എന്നാണ് ഈ പ്രക്രിയ അറിയപ്പെട്ടിരുന്നത്.
എന്നാല്‍, യു.എസ്. സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) പുറപ്പെടുവിച്ച പുതിയ നയമനുസരിച്ച് ഈ സൗകര്യം പരിമിതവും ഒറ്റപ്പെട്ടതുമായ കേസുകളില്‍ മാത്രമേ ലഭിക്കൂ. താത്‌കാലിക വിസയില്‍ താമസിച്ച് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കെല്ലാം പുതിയനയം ബാധകമാകും. ഇത്തരക്കാര്‍ക്ക് ഇനി സ്വന്തം രാജ്യത്തെ വിദേശകാര്യമന്ത്രാലയം മുഖേന കോണ്‍സുലാര്‍ പ്രക്രിയയിലൂടെയേ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാനാകൂ.
ഓരോ അപേക്ഷയും പരിശോധിച്ച്, വെവ്വേറേ പരിഗണിച്ചാകും യു.എസ്. അധികൃതര്‍ ഗ്രീന്‍ കാര്‍ഡിനുള്ള അര്‍ഹത നിര്‍ണയിക്കുക. താത്‌കാലിക വിസക്കാര്‍ കാലാവധി കഴിയുമ്പോള്‍ മടങ്ങിപ്പോകുന്നുവെന്ന് ഉറപ്പാക്കുകയും അനധികൃത താമസം തടയുകയുമാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്ന് യു.എസ്.സി.ഐ.എസ്. വക്‌താവ് സാഖ് കാഹ്‌ലര്‍ വ്യക്‌തമാക്കി.



