വാഷിങ്‌ടണ്‍: ഇറാന്റെ സമ്പുഷ്‌ട യുറേനിയം ശേഖരം പിടിച്ചെടുത്ത് നശിപ്പിക്കുമെന്നു തറപ്പിച്ചുപറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
യുറേനിയം ശേഖരം വിട്ടുനല്‍കില്ലെന്ന ഇറാന്റെ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയിയുടെ പ്രസ്‌താവനയുടെ പശ്‌ചാത്തലത്തിലാണ് ഈ വാക്കുകള്‍.
രാജ്യാന്തര എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം യു.എസിനുണ്ടെന്നും ട്രംപ് പറഞ്ഞു. യുറേനിയം വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് യു.എസ്. പ്രസിഡന്റിന്റെ മറുപടി ഇങ്ങനെ:
'ഞങ്ങള്‍ക്ക് അതു ലഭിക്കും. ഞങ്ങള്‍ക്ക് ആ യുറേനിയം ആവശ്യമില്ല. പക്ഷേ, അത് അവരുടെ കൈയില്‍ വയ്‌ക്കാന്‍ അനുവദിക്കില്ല. കിട്ടിക്കഴിഞ്ഞാല്‍ ഞങ്ങള്‍ അതു നശിപ്പിക്കും. സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ആവശ്യമായതിനേക്കാള്‍ വളരെക്കൂടുതല്‍ യുറേനിയം സമ്പുഷ്‌ടീകരണം ഇറാനില്‍ നടക്കുന്നെന്നാണ് ഇസ്രയേലും അമേരിക്കയും മറ്റ് പാശ്‌ചാത്യ രാജ്യങ്ങളും വളരെക്കാലമായി ആരോപിച്ചിക്കുന്നത്. സിവിലിയന്‍ ആവശ്യങ്ങള്‍ക്കാണെങ്കില്‍ ഇത്രയേറെ സമ്പുഷ്‌ടീകരണം ആവശ്യമില്ല. അറുപതിനും ശതമാനത്തിനു മുകളിലാണ് ഇപ്പോള്‍ അവിടെ യുറേനിയം സമ്പുഷ്‌ടീകരണം. തൊണ്ണൂറ് ശതമാനമായാല്‍ അത് ആയുധനിര്‍മാണത്തിന് ഉതകുമെന്നും മറുപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഇറാനില്‍ നിന്ന് സമ്പുഷ്‌ടീകരിച്ച യുറേനിയം നീക്കം ചെയ്യുന്നതുവരെയും ടെഹ്‌റാന്‍ ഭീകര രംൂപ്പുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെയും അവര്‍ക്കെതിരായ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. അതേസമയം, അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭാവി ആക്രമണങ്ങള്‍ക്ക് രാജ്യം കൂടുതല്‍ ഇരയാകുമെന്നാണ് ഇറാന്റെ വിലയിരുത്തല്‍.
ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധത്തില്‍ ഇരുപക്ഷവും തമ്മില്‍ അസ്‌ഥിരമായ വെടിനിര്‍ത്തല്‍ നിലവിലുണ്ട്, അതിനുശേഷം ഇറാന്‍ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ലെബനനില്‍ ഇസ്രയേലും ഇറാന്‍ പിന്തുണയുള്ള ഹിസ്‌ബുള്ളയും തമ്മില്‍ പോരാട്ടം ആരംഭിക്കുകയും ചെയ്‌തു. എന്നാല്‍ സമാധാന ശ്രമങ്ങളില്‍ വലിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല, ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തുകയും ആഗോള എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ടെഹ്‌റാന്‍ പിടിമുറുക്കുകയും ചെയ്‌തതോടെ പാകിസ്‌ഥാന്‍ മധ്യസ്‌ഥത വഹിച്ച ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കി.



