വാഷിങ്‌ടണ്‍: യു.എസ്. നാഷണല്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഇടക്കാല ഡയറക്‌ടറായി ആരോണ്‍ ലൂക്കാസിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചു. ഡയറക്‌ടറായിരുന്ന തുള്‍സി ഗബാര്‍ഡ് രാജിവച്ചതിനെത്തുടര്‍ന്നാണ് ആരോണ്‍ ലൂക്കാസിന്റെ നിയമനം. അര്‍ബുദരോഗ ബാധിതനായ ഭര്‍ത്താവിനെ പരിചരിക്കുന്നതിനുവേണ്ടിയാണ് ഡയറക്‌ടര്‍ സ്‌ഥാനം രാജിവയ്‌ക്കുന്നതെന്ന് തുള്‍സി ഗബാര്‍ഡ് വ്യക്‌തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ആരോണ്‍ ലൂക്കാസിനെ ഇടക്കാല ഡയറക്‌ടറായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചത്. നിലവില്‍ നാഷണല്‍ ഇന്റലിജന്‍സ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ഡയറക്‌ടറാണ് ആരോണ്‍ ലൂക്കാസ്. തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ആരോണിന്റെ നിയമനം ട്രംപ് പ്രഖ്യാപിച്ചത്. തുള്‍സി ഗബാര്‍ഡിന്റെ സേവനങ്ങള്‍ക്ക് ട്രംപ് നന്ദി അറിയിച്ചു. മികച്ച സേവനത്തിന് ശേഷം തുള്‍സി ഗബാര്‍ഡ് പടിയിറങ്ങുകയാണ്. അവരുടെ ഭര്‍ത്താവിന് അര്‍ബുദം സ്‌ഥിരീകരിച്ചു. ഭര്‍ത്താവ് കഠിനമായ പോരാട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരിക്കാന്‍ തുള്‍സി ആഗ്രഹിക്കുന്നുവെന്നും ട്രംപ് കുറിച്ചു.
അതേസമയം, ഇറാന്‍ വിഷയത്തില്‍ പ്രസിഡന്റ് ട്രംപുമായുള്ള അഭിപ്രായവ്യത്യസത്തെത്തുടര്‍ന്നാണ് തുള്‍സി ഗബാര്‍ഡ് രാജിവച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. രാജിവയ്‌ക്കാനായി തുള്‍സിയെ വൈറ്റ് ഹൗസ് നിര്‍ബന്ധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിലുണ്ട്. ഇറാനെ ആക്രമിക്കാനുള്ള ട്രംപിന്റെ തീരുമാനത്തില്‍ തുള്‍സി ഗബാര്‍ഡ് അസംതൃപ്‌തയായിരുന്നു. ഇറാനെതിരായ നടപടികള്‍ ശക്‌തമാക്കിയതോടെ ട്രംപ് ഭരണകൂടവും തുള്‍സിയും തമ്മിലുള്ള ഭിന്നതയും രൂക്ഷമായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. ഇറാന്റെ ആണവശേഷിയുമായി ബന്ധപ്പെട്ടും ട്രംപും തുള്‍സിയും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. വെനസ്വേലയിലെ ഇടപെടല്‍, ക്യൂബയ്‌ക്കെതിരായ നടപടികള്‍ തുടങ്ങിയ വിഷയങ്ങളിലും ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നതായാണു റിപ്പോര്‍ട്ട്.


