ചെന്നൈ: ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ആഭ്യന്തര, ഐ.പി.എല്‍. ക്രിക്കറ്റുകളില്‍ നിന്നുമാണു 35 വയസുകാരനായ വിജയ് ശങ്കര്‍ വിരമിച്ചത്.
താരത്തിന് വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ ഇനി കളിക്കാനാകും. ഇന്ത്യക്കായി 12 ഏകദിനങ്ങളും ഒന്‍പത് ട്വന്റി20 കളും കളിച്ചു. ഏകദിനത്തില്‍ 31.85 ശരാശരിയില്‍ 223 റണ്ണെടുത്തു. ട്വന്റി20 യില്‍ 25.25 ശരാശരിയില്‍ 101 റണ്ണെടുക്കാനുമായി. ഏകദിനത്തില്‍ നാലും ട്വന്റി20 യില്‍ അഞ്ചും വിക്കറ്റെടുത്തു. താരത്തെ കഴിഞ്ഞ ഐ.പി.എല്‍. താര ലേലത്തില്‍ ആരും വാങ്ങിയില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ട്വന്റി20 ഫ്രാഞ്ചൈസി ക്രിക്കറ്റുകളില്‍ പങ്കെടുക്കുകയാണു താരത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കു വേണ്ടി 2014 മുതല്‍ 2025 വരെ 78 മത്സരങ്ങള്‍ കളിച്ചു.
ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ക്കു വേണ്ടിയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്ന് വിജയ് ശങ്കര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്‌തമാക്കി. ''ഇന്ത്യയുടെ അഞ്ഞൂറാം ഏകദിന പോരാട്ടത്തില്‍ അവസാന ഓവര്‍ എറിയാന്‍ സാധിച്ചതും 2019 ലോകകപ്പിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയതുമുള്‍പ്പടെയുള്ള ഓര്‍മകള്‍ എപ്പോഴുമുണ്ടാകും. ഒരുപാട് വെറുപ്പും നെഗറ്റിവിറ്റിയും നേരിടേണ്ടിവന്നു. അതെല്ലാം അവഗണിച്ചു മുന്നോട്ടു പോകുകയാണു ചെയ്‌തത് '' -വിജയ് ശങ്കര്‍ കുറിച്ചു.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരേപോലെ ഉപയോഗിക്കാവുന്ന താരമായ വിജയ് ശങ്കര്‍ ഒരിക്കല്‍ 'ത്രി ഡി പ്ലേയര്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. 2019 ഏകദിന ലോകകപ്പ് ടീമിലേക്ക് അമ്പാട്ടി റായുഡുവിനു പകരം വിജയ് ശങ്കറെ തെരഞ്ഞെടുത്തത് അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് ത്രി ഡി പ്ലേയര്‍ എന്നു ന്യായീകരിച്ചാണ്. ബാറ്റിങ്ങില്‍ നാലാം നമ്പറില്‍ ഓള്‍റൗണ്ടറെ ഉപയോഗിക്കാമെന്നും ടീമിനെ കൂടുതല്‍ സന്തുലിതമാക്കുമെന്നായിരുന്നു എം.എസ്.കെ. പ്രസാദിന്റെ കണ്ടെത്തല്‍. പക്ഷേ ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ കളിക്കാന്‍ മാത്രമാണ് വിജയ് ശങ്കറിനു സാധിച്ചത്. ഓള്‍ഡ് ട്രാഫഡില്‍ പാകിസ്‌താനെതിരേ രണ്ടു വിക്കറ്റെടുത്ത താരം പരിശീലനത്തിനിടെ പരുക്കേറ്റു പുറത്തായി. ആഭ്യന്തര ക്രിക്കറ്റില്‍ കരിയറിന്റെ ഭൂരിഭാഗവും തമിഴ്‌നാടിന് വേണ്ടിയാണു കളിച്ചത്. വിജയ് ഹസാരെ ട്രോഫി, ദേവ്‌ധര്‍ ട്രോഫി, സയ്യിദ് മുഷ്‌താഖ് അലി ട്രോഫി കിരീടങ്ങളില്‍ ടീമിനെ നയിച്ചു. കഴിഞ്ഞ ആഭ്യന്തര സീസണില്‍ ത്രിപുരയ്‌ക്കു വേണ്ടിയാണു കളിച്ചത്. ഫസ്‌റ്റ്ക്ല ാസ് ക്രിക്കറ്റില്‍ 4253 റണ്ണും ലിസ്‌റ്റ് എയില്‍ 2760 റണ്ണും നേടി. മൂന്ന് ഫോര്‍മാറ്റുകളിലായി 154 വിക്കറ്റുകളുമെടുത്തു.



