
ലഖ്‌നൗ: ഒടുവില്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഐ.പി.എല്‍. ക്രിക്കറ്റില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി അരങ്ങേറി. അര്‍ജുന്‍ സീസണിലെ അവസാന മത്സരത്തിലാണു കളിച്ചത്. ഏക്‌ന സ്‌റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേയായിരുന്നു ഇടംകൈയന്‍ പേസറായ അര്‍ജുന്‍ ഇറങ്ങിയത്. പ്ലേ ഓഫ് കാണാതെ പുറത്തായതിനാല്‍ ലഖ്‌നൗവിന് മത്സരം അപ്രസ്‌കതമാണ്. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകനായ അര്‍ജുന്‍ അരങ്ങേറുമെന്ന് ലഖ്‌നൗ നായകന്‍ ഋഷഭ് പന്ത് ടോസ് സമയത്താണു പ്രഖ്യാപിച്ചത്. അര്‍ജുനും അര്‍ഷിന്‍ കുല്‍ക്കര്‍ണിയും കളിച്ചു. ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ് നാട്ടിലേക്കു മടങ്ങിയിരുന്നു.
മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ് അര്‍ജുന്‍ ലഖ്‌നൗവിലെത്തിയത്. 30 ലക്ഷം രൂപയ്‌ക്കാണ് താരം ലഖ്‌നൗവിന്റെ ഭാഗമായത്. 2023 ലാണ് മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത്. അവര്‍ക്കായി അഞ്ച് മത്‌്സരങ്ങള്‍ മാത്രമാണു കളിച്ചത്. മൂന്ന് വിക്കറ്റുകളാണ് ആകെ നേട്ടം. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയിലേക്കു കൂടുമാറിയ അര്‍ജുന്‍ രഞ്‌ജി ട്രോഫിയില്‍ ഒരു സെഞ്ചുറിയും ഒരു അഞ്ച് വിക്കറ്റ് നേട്ടവുമുണ്ട്. ഏക്‌ന സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ലഖ്‌നൗവിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ ആറ് വിക്കറ്റിന് 196 റണ്ണെടുത്തു. ഓപ്പണര്‍ ജോഷ് ഇംഗ്ലിഷ് (44 പന്തില്‍ രണ്ട് സിക്‌സറും ഒന്‍പത് ഫോറുമടക്കം 72), ആയുഷ് ബദോനി (18 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം 43), അബ്‌ദുള്‍ സമദ് (20 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 37) എന്നിവരാണു ടീമിനെ മികച്ച നിലയിലെത്തിച്ചത്. ഓപ്പണറായ അര്‍ഷിന്‍ കുല്‍ക്കര്‍ണി (0) അസ്‌മത്തുള്ള ഒമര്‍സായ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി. അടുത്ത ഓവറില്‍ നികോളാസ് പൂരാനെ (രണ്ട്) മാര്‍കോ യാന്‍സനും പുറത്താക്കി. ജോഷും ബദോനിയും ചേര്‍ന്നതോടെയാണു ലഖ്‌നൗ മത്സരത്തിലേക്കു തിരിച്ചെത്തിയത്. അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ (അഞ്ച് പന്തില്‍ അഞ്ച്) സമദിനൊപ്പം പുറത്താകാതെനിന്നു. പഞ്ചാബിനായി മാര്‍കോ യാന്‍സനും യുസ്‌വേന്ദ്ര ചാഹാലും രണ്ട് വിക്കറ്റ് വീതമെടുത്തു. ഒമര്‍സായും ശശാങ്കി സിങും ഒരു വിക്കറ്റ് വീതവുമെടുത്തു.


