ഹൈദരാബാദ്: നിലവിലെ ചാമ്പ്യന്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനിടെ വിരാട് കോഹ്ലിയും ട്രാവിസ് ഹെഡും തമ്മിലുണ്ടായ തര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
മത്സരത്തില്‍ 11 റണ്ണെടുത്താണു കോഹ്ലി പുറത്തായത്. സാകിബ് ഹുസൈന്റെ പന്തില്‍ രവിചന്ദ്രന്‍ സ്മരണ്‍ പിടിച്ചാണ് ആര്.സി.ബി. മുന്‍ നായകന് പുറത്തായത്. ബാറ്റിങ്ങിനിടെ കോഹ്ലി ട്രാവിസ് ഹെഡിനോടു കയര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കോഹ്ലി രൂക്ഷഭാഷയില്‍ സംസാരിക്കുമ്പോഴും തിരിച്ചൊന്നും പറയാതെ നോക്കി നില്‍ക്കുകയായിരുന്നു ഹെഡ്. മത്സരത്തിനു ശേഷം ഇരു ടീമുകളിലെയും താരങ്ങള്‍ ഹസ്തദാനം ചെയ്യുമ്പോഴും ഹെഡിനെ കോഹ്ലി അവഗണിച്ചു. ഹെഡ് കൈനീട്ടിയെങ്കിലും താരത്തിന്റെ മുഖത്തേക്കു പോലും നോക്കാതെ കോഹ്ലി നടന്നു നീങ്ങി.
ആര്.സി.ബിയും സണ്‍റൈസേഴ്സും തമ്മില്‍ വാശിയേറിയ മത്സരമാണു നടന്നത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് നാല് വിക്കറ്റിന് 255 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ആര്.സി.ബി. അവസാന പന്തെറിയുമ്പോള്‍ നാലിന് 200 റണ്ണെന്ന നിലയിലായിരുന്നു. 55 റണ്ണിനാണ് സണ്‍റൈസേഴ്സ് ജയമറിഞ്ഞത്. തോറ്റെങ്കിലും ആര്.സി.ബി. 14 കളികളില്‍നിന്നു 18 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 0.783 ന്റെ നെറ്റ് റണ്‍റേറ്റാണ് അവരെ ഒന്നാം സ്ഥാനത്താക്കിയത്.
സണ്‍റൈസേഴ്സിനെതിരേ 200 റണ്ണെടുക്കാന്‍ കഴിഞ്ഞതും നെറ്റ് റണ്‍റേറ്റ് താഴാതെ നോക്കാന്‍ സഹായിച്ചു. ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ആര്.സി.ബി., ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്ക് 18 പോയിന്റ് വീതമാണ്. നിലവിലെ നാലാം സ്ഥാനക്കാരായ രാജസ്ഥാന് 13 കളികളില്‍നിന്നു 14 പോയിന്റാണ്. ഉപ്പലിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് നായകന് പാറ്റ് കുമ്മിന്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇഷാന് കിഷന് (46 പന്തില്‍ മൂന്ന് സിക്സറും എട്ട് ഫോറുമടക്കം 79), ഹെന്റിച് ക്ലാസാന്‍ (24 പന്തില്‍ അഞ്ച് സിക്സറും രണ്ട് ഫോറുമടക്കം 51), ഓപ്പണര്‍ അഭിഷേക് ശര്‍മ (22 പന്തില്‍ അഞ്ച് സിക്സറും നാല് ഫോറുമടക്കം 56) എന്നിവരുടെ മികവിലാണ് ഹൈദരാബാദ് 255 ലെത്തിയത്.
ആര്.സി.ബിക്കായി നായകന് രജത് പാടീദാര്‍ 39 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 56 റണ്ണെടുത്തു. ക്രുനാല്‍ പാണ്ഡ്യ 31 പന്തില്‍ 41 റണ്ണുമായും ടിം ഡേവിഡ് ഏഴ് പന്തില്‍ ഒരു സിക്സറും ഒരു ഫോറുമടക്കം 15 റണ്ണുമായുംനിന്നു. ഓപ്പണറായി കളിച്ച വെങ്കടേഷ് അയ്യരും മികച്ച പ്രകടനം പുറത്തെടുത്തു. 19 പന്തുകള്‍ നേരിട്ട വെങ്കടേഷ് നാല് സിക്സറും നാല് ഫോറുമടക്കം 44 റണ്ണെടുത്തു.



