റാഞ്ചി: ബിര്‍സാ മുണ്ട സ്റ്റേഡിയത്തില്‍ നടക്കുന്ന 29-ാമത് സീനിയര്‍ ഫെഡറേഷന് കപ്പ് അത്ലറ്റിക്സില് ചരിത്രം കുറിച്ച് തമിഴ്നാടിന്റെ ടി.കെ. വിശാല്‍. പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ 44.98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വിശാല്‍ ദേശീയ റെക്കോഡും മീറ്റ് റെക്കോഡും കുറിച്ചു. 45 സെക്കന്‍ഡില്‍ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. 45.12 എന്ന തന്റെ തന്നെ ദേശീയ റെക്കോഡാണു വിശാല്‍ മറികടന്നത്.
ആരോക്യ രാജീവ് 2016 ല്‍ കുറിച്ച 45.47 സെക്കന്‍ഡിന്റെ മീറ്റ് റെക്കോഡും വിശാല്‍ തിരുത്തി. തമിഴ്നാടിന്റെ രാജേഷ് രമേശ് 45.31 സെക്കന്‍ഡില്‍ വെള്ളിയും ഉത്തര്‍പ്രദേശിന്റെ ജയ് കുമാര്‍ 45.47 സെക്കന്‍ഡില്‍ വെങ്കലവും നേടി. വിശാലിന് 0.02 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യതാ മാര്‍ക്ക് കടക്കാനായില്ല. വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ തമിഴ്നാടിന്റെ വിത്യ രാംരാജ് 52.22 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ഓള് ഇന്ത്യ പോലീസിന്റെ അന്‍സ ബാബു 53.07 സെക്കന്‍ഡില്‍ വെള്ളിയും ജെ.എസ്.ഡബ്ല്യുവിന്റെ പ്രാചി 53.26 സെക്കന്‍ഡില്‍ വെങ്കലവും നേടി.
റിലയന്‍സിന്റെ ഗുരീന്ദര്‍വീര്‍ സിങ് നൂറ് മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോഡ് കുറിച്ചു. 10.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണു ഗുരീന്ദര്‍വീര്‍ പുതിയ റെക്കോഡിട്ടത്്. അനിമേഷ് കുജൂര്‍ കഴിഞ്ഞ വര്‍ഷം കുറിച്ച 10.18 സെക്കന്‍ഡാണു പഴങ്കഥയായത്. മണികാന്ത കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ കുറിച്ച 10.25 സെക്കന്‍ഡിന്റെ മീറ്റ് റെക്കോഡും പഴങ്കഥയായി. ഒഡീഷക്കാരനായ അനിമേഷ് കുജൂര്‍ 10.20 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനത്തും റിലയന്‍സിന്റെ തന്നെ പ്രണവ് പ്രമോദ് ഗൗരവ് 10.29 സെക്കന്‍ഡില്‍ വെങ്കലവും നേടി. വനിതകളുടെ നൂറ് മീറ്ററില്‍ മഹാരാഷ്ട്രയുടെ സുദേഷ്ണ ഹന്‍മന്ത് 11.56 സെക്കന്‍ഡില്‍ ഒന്നാമതായി. 11.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തമിഴ്നാടിന്റെ ഗിരിധരണി രവികുമാര്‍ രണ്ടാം സ്ഥാനക്കാരിയായി. ഹരിയാനയുടെ തമന്ന 11.62 സെക്കന്‍ഡില്‍ വെങ്കലം നേടി. വനിതകളുടെ ഷോട്ട് പുട്ടില്‍ കേരളത്തിനായി മത്സരിച്ച വി.എസ്. അനുപ്രിയ അഞ്ചാം സ്ഥാനത്തു ഫിനിഷ് ചെയ്തു. 15.31 മീറ്റര്‍ വരെയാണ് അനുപ്രിയ എറിഞ്ഞത്. റിലയന്‍സിന്റെ കൃഷ്ണ ജയശങ്കര്‍ 17.35 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണവും ഹരിയാനയുടെ യോഗിത 16.82 മീറ്റര്‍ എറിഞ്ഞ് വെള്ളിയും നേടി. റിലയന്‍സിന്റെ തന്നെ ശിഖയ്ക്കാണു വെങ്കലം. 16.61 മീറ്റര്‍ വരെ എറിയാന്‍ താരത്തിനായി. വെള്ളിയാഴ്ച നടന്ന വനിതാ ലോങ് ജമ്പില്‍ കേരളത്തിന്റെ ആന്‍സി സോജന് 6.75 മീറ്റര്‍ ചാടി മീറ്റ് റെക്കോഡ് കുറിച്ചു. ഷൈലി സിങ് കഴിഞ്ഞ വര്‍ഷം കുറിച്ച 6.64 മീറ്ററിന്റെ റെക്കോഡാണ് ആന്‍സി മറികടന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യതാ മാര്‍ക്കായ 6.84 മീറ്റര്‍ കടക്കാന്‍ മലയാളി താരത്തിനായില്ല. വനിതകളുടെ ജാവലിന്‍ ത്രോയില്‍ യു.പിയുടെ അന്നു റാണി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 55.91 മീറ്റര്‍ വരെയാണ് അന്നു റാണി എറിഞ്ഞത്്. ഹരിയാനയുടെ ശില്പ റാണി (56.46 മീറ്റര്‍) സ്വര്‍ണവും ആന്ധ്രാപ്രദേശിന്റെ രശ്മി (54.85 മീറ്റര്‍) വെങ്കലവും നേടി. 1500 മീറ്റര്‍ ഓട്ടത്തില്‍ പൂജ (നാല് മിനിറ്റ് 11.34 സെക്കന്‍ഡ്) സ്വര്‍ണവും യു.പിയുടെ അങ്കിത (നാല് മിനിറ്റ് 12.28 സെക്കന്‍ഡ്) വെള്ളിയും ഹരിയാനയുടെ അഞ്ജു നാല് മിനിറ്റ് 21.26 സെക്കന്‍ഡില്‍ സ്വര്‍ണവും നേടി.



