
മലങ്കര ടൂറിസം പദ്ധതിയിലെ 112 കോടിയുടെ ക്രമക്കേടില്‍ മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം. മുട്ടം സ്വദേശി ബേബി ജോസഫ് നല്‍കിയ പരാതിയില്‍ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ആറാം നാളാണ് മുന്‍ മന്ത്രിക്കെതിരെയുള്ള ഈ അടിയന്തര നീക്കം. എഫ്എസ്‌ഐടി റീഡിഫൈന്‍ ഡെസ്റ്റിനേഷന്‍സ് കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് ആരോപണം.
മലങ്കര ഡാം കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയുടെ 30 വര്‍ഷത്തെ പാട്ടക്കരാറിലാണ് വന്‍ അഴിമതി ആരോപിക്കുന്നത്. കരാര്‍ പ്രകാരം ലാഭത്തിന്റെ വെറും 3.5 ശതമാനം മാത്രമാണ് സര്‍ക്കാരിന് ലഭിക്കുക, ബാക്കി 96.5 ശതമാനവും സ്വകാര്യ ഏജന്‍സിക്കാണ്. സര്‍ക്കാരിന് തുച്ഛമായ വരുമാനം മാത്രം നല്‍കി പൊതുമുതല്‍ സ്വകാര്യ കമ്പനിക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
മുന്‍പ് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ റോഷി അഗസ്റ്റിന്‍ പ്രതികരിച്ചിരുന്നില്ലെങ്കിലും, നിലവില്‍ ഔദ്യോഗിക പരാതി ലഭിച്ചതോടെ വിജിലന്‍സ് കേസെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ മുന്‍നിര നേതാവിനെതിരെയുള്ള ഈ നീക്കം. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം.






