
കോട്ടയം: നിയമസഭയില്‍ തന്റെ റോള്‍ വ്യത്യസ്തമാണെന്നും ഒരു കുടുംബനാഥനെപ്പോലെ സഭയെ ചേര്‍ത്തുപിടിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്പീക്കര്‍ ചുമതല ഏറ്റെടുത്തശേഷം കോട്ടയം പ്രസ് ക്ലബില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മക്കള്‍ തമ്മില്‍ വഴക്കുണ്ടാക്കിയാല്‍ ആരുടെയെങ്കിലും പക്ഷം ചേരുന്നതിന് പകരം അവരെ യോജിപ്പിച്ചു കൊണ്ടുപോകുന്ന പോലെയുള്ള ഉത്തരവാദിത്തമാണ് സ്പീക്കറുടേത്. ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഭരണഘടനയുടെ നാലാം തൂണായ മാധ്യമത്തെയും ഒപ്പം കൂട്ടിനിര്‍ത്താനുള്ള ശ്രമം നടത്തുമെന്നും നിയമസഭ ശബ്ദകോലാഹലമാകാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച് ഒരു നിലയില്‍ എത്തിയാല്‍ രാഷ്ട്രതന്ത്രജ്ഞന്റെ റോളിലേക്കുള്ള മാറ്റം അനിവാര്യമാണെന്നും ആ അവസ്ഥയിലാണിപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുപ്രവര്‍ത്തകന് ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടേ മുന്നോട്ട് പോകാനാകൂ എന്നും താന്‍ എന്നും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നെ അവര്‍ക്ക് ആവശ്യമാണെന്നതാണ് എനിക്ക് കിട്ടിയ വോട്ടിന്റെ കണക്കുകള്‍ പറയുന്നത്. തന്റെ എതിരാളിക്ക് കിട്ടിയ വോട്ട് തന്റെ ഭൂരിപക്ഷത്തേക്കാള്‍ 3600 വോട്ടിന്റെ കുറവാണെന്നും ജനങ്ങള്‍ ആഗ്രഹിച്ച വികസനം നല്‍കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷം സര്‍ക്കാര്‍ അകറ്റിനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിന് മുമ്പ് നടത്തിയതും തുടങ്ങിവെച്ചതുമായ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും വട്ടമൂട് ഉള്‍പ്പെടെ 18 പാലങ്ങള്‍, ബൈപ്പാസുകള്‍ എന്നിവയിലൂടെ വികസനം കൊണ്ടെത്തിക്കാന്‍ കഴിഞ്ഞുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ആകാശപ്പാത പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞത് വലിയ സങ്കടമായെന്നും അതിന് കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ ചില നടപടികളാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ മുന്നില്‍ അനുകൂല മറുപടി കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, കോടതിയലക്ഷ്യപ്രശ്‌നം വന്നപ്പോള്‍ തങ്ങള്‍ നയംതന്നെ മാറ്റിയെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇനി കോടതിയില്‍നിന്ന് അനുകൂല നടപടി സ്വീകരിച്ച് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ആകാശപ്പാത വേഗം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.






