
കൊച്ചി: മലയാള സിനിമ താരസംഘടനയായ അമ്മയില്‍ ഭാരവാഹികള്‍ തമ്മിലുള്ള തര്‍ക്കം കനക്കുന്നു. ടിനി ടോം തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ചെന്നും കാണിച്ച് നടി നീന കുറുപ്പ് സംഘടനയ്ക്ക് പരാതി നല്‍കി. മറ്റു അംഗങ്ങള്‍ പിടിച്ചുമാറ്റിയതിനാലാണ് തനിക്ക് മര്‍ദനമേല്‍ക്കാതിരുന്നതെന്നും, ടിനി ടോമിന്റെ ക്രൂരതകള്‍ ഭയന്ന് പല വനിതാ അംഗങ്ങളും പരാതി പറയാന്‍ മടിക്കുകയാണെന്നും നീന കുറുപ്പ് വെളിപ്പെടുത്തി.
സംഘടനയിലെ ഒരു വനിതാ എക്‌സിക്യൂട്ടീവ് അംഗത്തെ ടിനി ടോം മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചതിന് താന്‍ സാക്ഷിയാണെന്നും നീന കുറുപ്പ് പറഞ്ഞു. ഈ അംഗത്തിന്റെ രണ്ടാനച്ഛനെ ചേര്‍ത്ത് ടിനി ടോം ലൈംഗിക കഥകള്‍ പടച്ചുവിട്ടതായും നടി ആരോപിക്കുന്നു. തനിക്കെതിരെയും മറ്റ് അംഗങ്ങള്‍ക്കെതിരെയും നിരന്തരം അതിക്രമം കാണിക്കുന്ന ടിനി ടോമിനെതിരെ സംഘടന ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നീന കുറുപ്പിന്റെ ആവശ്യം.
നേരത്തെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ച അന്‍സിബ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് നീനയുടെ വെളിപ്പെടുത്തല്‍. ടിനി ടോമും മറ്റൊരു വനിതാ അംഗവും ചേര്‍ന്ന് തന്നെ വ്യക്തിഹത്യ ചെയ്തതിനാലാണ് രാജിവെച്ചതെന്ന് അന്‍സിബ വ്യക്തമാക്കിയിരുന്നു. ടിനി ടോം തനിക്കെതിരെ അവിഹിത കഥകള്‍ പ്രചരിപ്പിച്ചെന്നും തന്നെ 'ജിഹാദി' എന്ന് വിളിച്ച് ആക്ഷേപിച്ചെന്നും അന്‍സിബ ആരോപിച്ചിരുന്നു.






