
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ നേമത്തുണ്ടായ എല്‍ഡിഎഫിന്റെ തോല്‍വിയില്‍ സിപിഎം ഏരിയ കമ്മിറ്റി യോഗത്തില്‍ ബിജെപിയുമായി ബന്ധപ്പെട്ട ഗുരുതര പണമിടപാട് ആരോപണം. പാര്‍ട്ടിയിലെ ചിലര്‍ ബിജെപിയില്‍ നിന്ന് പണം വാങ്ങി തോല്‍വിക്ക് വഴിയൊരുക്കിയെന്നും, പാര്‍ട്ടി കമ്മീഷനെ വെച്ചാല്‍ ഇതിന് തെളിവ് നല്‍കാന്‍ തയ്യാറാണെന്നും അംഗങ്ങള്‍ പറഞ്ഞു. എം.വി. ജയരാജന്‍ പങ്കെടുത്ത യോഗത്തിലായിരുന്നു ഈ രൂക്ഷവിമര്‍ശനം.
നേമത്തെ ബിജെപി അക്കൗണ്ട് മണിച്ചിത്രത്താഴിട്ട് പൂട്ടിയെന്ന സിപിഎം അവകാശവാദങ്ങള്‍ തകര്‍ത്താണ് രാജീവ് ചന്ദ്രശേഖര്‍ ഇത്തവണ 4,978 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. 2016ല്‍ ഒ. രാജഗോപാലിലൂടെ ബിജെപി വിജയിച്ച മണ്ഡലം 2021ല്‍ വി. ശിവന്‍കുട്ടി തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ഇത്തവണ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും പിന്നിലാകാതെ രാജീവ് ചന്ദ്രശേഖര്‍ മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു.
മണ്ഡലത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് വലിയ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായത്. എല്‍ഡിഎഫിന്റെ വോട്ട് കഴിഞ്ഞ തവണത്തെ 55,837ല്‍ നിന്ന് 52,214 ആയി കുറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ. മുരളീധരന് കഴിഞ്ഞ തവണ 36,524 വോട്ട് ലഭിച്ച സ്ഥാനത്ത് ഇത്തവണ മത്സരിച്ച കെ.എസ്. ശബരീനാഥന് 29,730 വോട്ടുകള്‍ മാത്രമാണ് നേടാനായത്.






