
തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറിനെ മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് എം വി ഗോവിന്ദൻ. നിയമനം മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ളതാണ്. ബംഗാളിലേതിനു സമാനമായ സ്ഥിതിയാണുള്ളത്. ഇതിൽ ഡീൽ ഉണ്ടോയെന്നുള്ളത് ഉടൻ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
നിയമനത്തെ കുറിച്ച് കെസി വേണുഗോപാലിന് ഒന്നും പറയാനില്ല. ഭരണത്തിലിരിക്കുന്നവർ അഭിപ്രായം പറയട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങളുണ്ട്. അതിനാൽ, ശക്തമായി ന്യായീകരിക്കാനോ വിമർശിക്കാനോ അവർക്കു കഴിയുന്നില്ല എന്നും ഗോവിന്ദൻ പറഞ്ഞു.
രത്തൻ ഖേൽക്കറുടെ നിയമനത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനവുമായി മുന്നോട്ടു പോവുകയാണ്. ബംഗാളിൽ ചീഫ് ഇലക്ഷൻ ഓഫീസറെ മുഖ്യമന്ത്രിയുടെ പ്രധാന ചുമതലയിൽ നിയമിച്ചതിൽ രാഹുൽ ഗാന്ധി ഉൾപ്പടെ എതിർത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. രാഷ്ട്രീയ നേതൃത്വത്തിന്റെ താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കുന്ന സംവിധാനമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും അതിനുള്ള പ്രത്യുപകാരങ്ങൾ സ്വീകരിക്കുന്നു എന്നുമായിരുന്നു സിപിഐഎം വിമർശനം.
അതേസമയം, രത്തൻ ഖേൽക്കറുടെ നിയമനം ബിജെപി ദേശീയതലത്തിൽ ചർച്ചയാക്കി. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്ന് കാട്ടപ്പെട്ടിരിക്കുന്നുവെന്നും ബംഗാളിലെ നിയമനത്തെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് കേരളത്തിലെ നിയമനത്തിൽ മിണ്ടാട്ടമില്ലെന്നും ബിജെപി ആരോപിച്ചു. രത്തൻ ഖേൽക്കറുടേത് സീനിയോറിറ്റി മാനദണ്ഡങ്ങൾ മറികടന്നുള്ള നിയമനമെന്നും ബിജെപി വക്താവ് വിമർശിച്ചു.






