
ന്യൂഡല്‍ഹി: മെക്‌സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന 2026-ലെ ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയിലേക്കുള്ള സംപ്രേക്ഷണ അവകാശം ഒടുവില്‍ സീ എന്റര്‍ടൈന്‍മെന്റ്‌സ് സ്വന്തമാക്കിയതായി വിവരം. ഇതോടെ ആഴ്ചകളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും ഫുട്‌ബോള്‍ പ്രേമികളുടെ ആശങ്കകള്‍ക്കും വിരാമമായിരിക്കുകയാണ്. ജൂണ്‍ 12-ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് സീ എന്റര്‍ടൈന്‍മെന്റ്‌സ് ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അടുത്ത ആഴ്ച ആദ്യം തന്നെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) മുന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ മാധ്യമങ്ങളെ അറിയിച്ചു.
ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി സീ എന്റര്‍ടെയ്ന്‍മെന്റ് പുതിയ ഏഴ് സ്‌പോര്‍ട്‌സ് ചാനലുകള്‍ ആരംഭിക്കുമെന്നാണ് വിവരം. നിലവില്‍ 'യുണൈറ്റഡ്-8 സ്‌പോര്‍ട്‌സ്' എന്ന പേരില്‍ അവര്‍ ട്രേഡ്മാര്‍ക്കിനായി അപേക്ഷ നല്‍കിയിട്ടുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 3035 മില്യണ്‍ യുഎസ് ഡോളറിന് തുല്യമായ കരാറാണ് ഫിഫയുമായി കമ്പനി ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് തങ്ങളുടെ സ്വീകരണമുറികളിലിരുന്നും ക്ലബുകളിലും വലിയ സ്‌ക്രീനുകളിലുമൊക്കെയായി മത്സരങ്ങള്‍ തടസ്സമില്ലാതെ കാണാനാകും.
ജൂണ്‍ 11ന് (ജൂണ്‍ 12 അര്‍ധരാത്രി) ലോകകപ്പ് തുടങ്ങാനിരിക്കെ ഇന്ത്യയിലെ സംപ്രേക്ഷണം സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നത് ആരാധകരെ ഏറെ ആശങ്കയിലാക്കിയിരുന്നു. ഫിഫയുടെ കരാര്‍ പ്രകാരം വലിയ തുക സംപ്രേക്ഷണ അവകാശത്തിനായി മുടക്കാന്‍ കഴിയില്ലെന്ന് മറ്റു ചാനല്‍ മാനേജ്‌മെന്റുകള്‍ നിലപാട് എടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ദൂരദര്‍ശന്‍ അടക്കമുള്ള പ്രമുഖ ചാനലുകള്‍ സംപ്രേക്ഷണത്തിനായി ശ്രമം നടത്തിയിരുന്നുവെങ്കിലും ഒടുവില്‍ സീ എന്റര്‍ടൈന്‍മെന്റ്‌സ് കരാര്‍ ഉറപ്പിക്കുകയായിരുന്നു.






